ദില്ലി: ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മി വർദ്ധിച്ചു. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കറണ്ട് അക്കൗണ്ട് കമ്മി 9.2 ബില്യൺ ഡോളറായി ഉയർന്നു.
മുൻ പാദത്തിൽ രേഖപ്പെടുത്തിയതിനെക്കാള്‍ ഏഴിരട്ടിയിലധികം വർദ്ധനവാണ് ഉണ്ടായത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് കണക്കുകൾ പുറത്തുവിട്ടത്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലെ സിഎഡി രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 1 .1 ശതമാനമാണെന്ന് ആർബിഐ റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന വ്യാപാര കമ്മിയുയാണ് ത്രൈമാസ അടിസ്ഥാനത്തിൽ സിഎഡി വർധിക്കാനുള്ള ഒരു പ്രധാന കാരണം.
മുൻ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോൾ, 2023-ന്റെ ആദ്യ പാദത്തിൽ, 1.3 ബില്യൺ ഡോളറായിരുന്നു കറണ്ട് അക്കൗണ്ട് കമ്മി. 2022 ഏപ്രിൽ-ജൂൺ കാലയളവിൽ ഇത് 17.9 ബില്യൺ ഡോളറായിരുന്നു.
2023 ഏപ്രിൽ-ജൂൺ മാസങ്ങളിൽ, ഇന്ത്യയുടെ സേവന വ്യാപാര മിച്ചം മുൻ വർഷത്തെ 31.1 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 35.1 ബില്യൺ ഡോളറായി വർദ്ധിച്ചു. അതേസമയം, ഈ കണക്ക് 2023 ജനുവരി-മാർച്ച് മാസങ്ങളിൽ രേഖപ്പെടുത്തിയ 39.1 ബില്യൺ ഡോളറിനേക്കാൾ കുറവാണ്.
ചരക്ക് വ്യാപാര കമ്മി 63.1 ബില്യൺ ഡോളറിൽ നിന്ന് 56.6 ബില്യൺ ഡോളറായി മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം ഇത് 2023 ജനുവരി-മാർച്ച് പാദത്തിൽ രേഖപ്പെടുത്തിയ 52.6 ബില്യൺ ഡോളറിനേക്കാൾ കൂടുതലുമാണ്.
മൊത്തത്തിൽ, 2023 ഏപ്രിൽ-ജൂൺ മാസങ്ങളിൽ ഇന്ത്യയുടെ വ്യാപാര കമ്മി 21.5 ബില്യൺ ഡോളറായിരുന്നു, 2022 ഏപ്രിൽ-ജൂണിലെ 32.0 ബില്യൺ ഡോളറിൽ നിന്ന് ഇത് കുറഞ്ഞു, എന്നാൽ 2023 ന്റെ ആദ്യ പാദത്തിൽ 13.5 ബില്യൺ ഡോളറിനേക്കാൾ ഉയർന്നതാണ്.