ന്യൂഡല്‍ഹി: നൂതന ആവിഷ്‌ക്കാരങ്ങള്‍ ഉപഭോക്തൃ കേന്ദ്രീകൃതവും മികച്ച ഭരണവും ലക്ഷ്യം വച്ചുകൊണ്ടുള്ളതാകണമെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഡെപ്യൂട്ടി ഗവര്‍ണര്‍ എംകെ ജെയ്ന്‍ ഫിന്‍ടെക്കുകളെ ഓര്‍മ്മിപ്പിച്ചു. സുസ്ഥിര വികസനത്തിന്, ഉത്തരവാദിത്തം, നീതി, സുതാര്യത, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ‘മേഖലയെ ശരിയായ പാതയില്‍ നിലനിര്‍ത്തുന്നതിനുള്ള ഒരു സംരക്ഷണം മാത്രമാണ് നിയന്ത്രണം. നവീകരിക്കാനുള്ള കഴിവിനപ്പുറം, മേഖലയുടെ വികാസം പ്രധാനമായും രണ്ട് നിര്‍ണായക ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. (i) ഉപഭോക്താക്കളെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തല്‍ (ii) ഭരണം എന്നിവ.” ജെയിന്‍ പറഞ്ഞു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഹമ്മദാബാദും സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് ലേണിംഗും സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജെയ്ന്‍. സൈബര്‍ സുരക്ഷാ ലംഘനങ്ങള്‍, സാങ്കേതിക തകരാറുകള്‍, വഞ്ചനകള്‍ തുടങ്ങിയ നഷ്ടം ഒഴിവാക്കുന്ന, ശക്തമായ ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. നിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പിന്തുണ നല്‍കാന്‍ മാത്രമേസാധിക്കൂ.
നവീകരണവും അതുണ്ടാക്കുന്ന അപകടസാധ്യതകളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് ഫിന്‍ടെക്കുകള്‍ തന്നെയാണ്. ഇത്തരം സ്ഥാപനങ്ങള്‍ സ്വയം നിയന്ത്രിക്കുന്നതിനെ ആശ്രയിച്ചാണ് ആവാസവ്യവസ്ഥയുടെ പ്രതിരോധ ശേഷിയെന്നും ജെയ്ന്‍ ഓര്‍മ്മിപ്പിച്ചു. നിയമങ്ങളും മാനദണ്ഡങ്ങളും ക്രമീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഉപകരണമാണ് സ്വയം നിയന്ത്രണം.
ഒരു സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷന്റെ (എസ്ആര്‍ഒ) കീഴില്‍ സ്വയം സംഘടിപ്പിക്കാന്‍ മേഖല ശ്രമിക്കണം. ഉപഭോക്താക്കളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും ഉയര്‍ന്ന തലത്തില്‍ ഭരണ നിലവാരം പ്രോത്സാഹിപ്പിക്കുന്നതിനും നീക്കം സഹായിക്കും. പെരുമാറ്റ മാനദണ്ഡങ്ങള്‍ ക്രമീകരിക്കുന്നതിനും മേഖലയും റെഗുലേറ്ററും തമ്മില്‍ ഇടനിലക്കാരാകാനും എസ്ആര്‍ഒയ്ക്ക് സാധിക്കും.