- ഗ്യാസോലിന് കയറ്റുമതി തീരുവ എടുത്തുകളഞ്ഞു
ന്യൂഡല്‍ഹി: ഗ്യാസോലിന്‍ കയറ്റുമതിയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ ഒഴിവാക്കിയും മറ്റ് ഇന്ധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിന്‍ഡ് ഫാള്‍ നികുതി കുറച്ചും സര്‍ക്കാര്‍ ഉത്തരവായി. ഇതോടെ രാജ്യത്തെ എണ്ണ കയറ്റുമതിക്കാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഓയില്‍ ആന്റ് നാച്ച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ കമ്പനികള്‍ നേട്ടമുണ്ടാക്കും. ഡീസല്‍, വിമാന ഇന്ധനം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിന്‍ഡ് ഫാള്‍ നികുതിയില്‍ ലിറ്ററിന് 2 രൂപ വീതമുള്ള കുറവാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്.
ഗ്യാസോലിന് ഏര്‍പ്പെടുത്തിയിരുന്ന ലിറ്ററിന് 6 രൂപ കയറ്റുമതി നികുതി പൂര്‍ണ്ണമായും ഒഴിവാക്കി. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡിന്റെ നികുതി ഏകദേശം 27% കുറച്ച് ടണ്ണിന് 17,000 രൂപയാക്കിയിട്ടുണ്ട്. ഇന്ധന കയറ്റുമതിക്കാരുടെയും എണ്ണ ഉല്‍പ്പാദകരുടെയും ലാഭം കുറയുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.
ഡീസല്‍, പെട്രോള്‍, ജെറ്റ് ഇന്ധനം എന്നിവയുടെ ശുദ്ധീകരണ മാര്‍ജിനുകളിലെ വന്‍ തകര്‍ച്ച റിഫൈനറുകളുടെ ലാഭം കുറച്ചതായി അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വിന്‍ഡ്ഫാള്‍ ടാക്‌സില്‍ ഇളവ് വരുത്താന്‍ സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് സിഎല്‍എസ്എയും പറഞ്ഞു. ആഭ്യന്തര അസംസ്‌കൃത എണ്ണ ഉല്‍പ്പാദനത്തിന്റെ വിന്‍ഡ്ഫാള്‍ നികുതി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ (ഒഎന്‍ജിസി) വരുമാനത്തെ സാരമായി ബാധിച്ചിരുന്നു.
അതേസമയം കയറ്റുമതി തീരുവ റിലയന്‍സിന്റെ റിഫൈനിംഗ് മാര്‍ജിനുകളില്‍ ബാരലിന് 12 ഡോളര്‍ വരെ കുറവ് വരുത്തി. ഇതോടെയാണ് ഇവ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. യൂറോപ്പിലെയും മറ്റിടങ്ങളിലെയും ആവശ്യം വര്‍ധിച്ചതിനാല്‍ ഇവിടങ്ങളിലേയ്ക്കുള്ള കയറ്റുമതി റിലയന്‍സ് ഈയിടെ വര്‍ധിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് റിലയന്‍സ്, ഒഎന്‍ജിസി തുടങ്ങിയ എണ്ണ കമ്പനി ഓഹരികള്‍ ബുധനാഴ്ച മികച്ച പ്രകടനം കാഴ്ചവച്ചു. ഒഎന്‍ജിസി ഓഹരി 4 ശതമാനം ഉയര്‍ന്ന് 132 രൂപയിലെത്തിയപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിവില 3 ശതമാനം ഉയര്‍ന്ന് 2506 രൂപയിലെത്തി.
അന്താരാഷ്ട്ര എണ്ണവില ഉയരുമ്പോള്‍ ലഭിക്കുന്ന നേട്ടത്തിന് മുകളിലാണ് വിന്‍ഡ്ഫാള്‍ നികുതി ചുമത്തിയിരിക്കുന്നത്. റിഫൈനര്‍മാര്‍ ഉണ്ടാക്കുന്ന വിന്‍ഡ്ഫാള്‍ നേട്ടത്തിന് ഭാഗികമായി മാത്രമേ സര്‍ക്കാര്‍ നികുതി ചുമത്തിയിട്ടുള്ളൂ. നേട്ടത്തിന്റെ ഒരു ഭാഗം ഇപ്പോഴും നികുതി രഹിതമാണ്.