
ചെന്നൈ: രാജ്യത്ത് നടപ്പു സാമ്പത്തിക വർഷം (2024-25) ആദ്യ 10 മാസത്തിനിടെ മാത്രം നടന്ന ഡിജിറ്റൽ പണമിടപാട് തട്ടിപ്പുകളുടെ മൂല്യം 4,245 കോടി രൂപ. 2022-23 സാമ്പത്തിക വർഷത്തെ 2,537 കോടി രൂപയേക്കാൾ ഏതാണ്ട് ഇരട്ടി.
കഴിഞ്ഞ സാമ്പത്തിവർഷം ആകെ മൂല്യം 4,403 കോടി രൂപയായിരുന്നു. അതേസമയം, തട്ടിപ്പു സംഭവങ്ങളുടെ എണ്ണം 2022-23ൽ 20 ലക്ഷമായിരുന്നെങ്കിൽ കഴിഞ്ഞവർഷം 28 ലക്ഷമാണ്. നടപ്പുവർഷം രണ്ടുമാസം ശേഷിക്കെ തന്നെ പരാതികൾ 24 ലക്ഷത്തിലെത്തിയെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി.
തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യുന്നതിനായി റിസർവ് ബാങ്ക് സെൻട്രൽ പേയ്മെന്റ്സ് ഫ്രോഡ് ഇൻഫർമേഷൻ റജിസ്ട്രി സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും മറ്റും ഈ സംവിധാനം വഴിയാണ് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യേണ്ടത്.
സിറ്റിസൺ ഫിനാൻഷ്യൽ സൈബർഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം വഴി അതിവേഗം തട്ടിപ്പുകൾ തിരിച്ചറിയുകയും 13 ലക്ഷം പരാതികളിന്മേലായി 4,386 കോടി രൂപ വീണ്ടെടുക്കുകയും ചെയ്തുവെന്നും കേന്ദ്രം വ്യക്തമാക്കി.