മുംബൈ: ഐടി കമ്പനിയായ സിയന്റിന്റെ രണ്ടാം പാദത്തിലെ ഏകീകൃത അറ്റാദായം 31.87 ശതമാനം ഇടിഞ്ഞ് 79.10 കോടി രൂപയായി കുറഞ്ഞു. അതേസമയം പ്രസ്തുത കാലയളവിലെ വരുമാനം 11.69 ശതമാനം ഉയർന്ന് 1,396.20 കോടി രൂപയായി.
വാർഷിക അടിസ്ഥാനത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 34.8% കുറഞ്ഞപ്പോൾ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 25.6% ഉയർന്നു. നികുതിക്ക് മുമ്പുള്ള ഏകീകൃത ലാഭം 130.1 കോടി രൂപയാണ്. കഴിഞ്ഞ ത്രൈമാസത്തിൽ ഗ്രൂപ്പിന്റെ ഇബിഐടി 123.4 കോടി രൂപയായിരുന്നപ്പോൾ ഇബിഐടി മാർജിൻ 8.8% ആയിരുന്നു.
പ്രധാന വിജയങ്ങൾ, ശക്തമായ ഓർഡർ ബുക്ക്, പൈപ്പ്‌ലൈൻ എന്നിവയാൽ നയിക്കപ്പെടുന്ന ബിസിനസ്സിലുടനീളം ശക്തമായ മുന്നേറ്റത്തിന് തങ്ങൾ സാക്ഷ്യം വഹിക്കുന്നതായി സിയന്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കൃഷ്ണ ബൊദനാപു പറഞ്ഞു. അതേസമയം, ഐടി കമ്പനിയുടെ ബോർഡ് ഒരു ഇക്വിറ്റി ഓഹരിക്ക് 10 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതിനുള്ള റെക്കോർഡ് തീയതി 2022 ഒക്ടോബർ 27 ആണ്.
ആഗോള സാങ്കേതിക സൊല്യൂഷൻസ് കമ്പനിയാണ് സിയന്റ്. നിലവിൽ എട്ട് തന്ത്രപ്രധാനമായ ബിസിനസ് യൂണിറ്റുകളിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. ബിഎസ്ഇയിൽ സിയന്റ് ഓഹരികൾ 0.39 ശതമാനം ഇടിഞ്ഞ് 770.05 രൂപയിലെത്തി.