ലക്ഷ്മി വിലാസ് ബാങ്കുമായുള്ള സംയോജനം പൂർത്തിയാക്കിയതോടെ അഞ്ഞൂറിലധികം ശാഖകൾ
ഗോൾഡ് ലോൺ, എസ്എംഇ, റീട്ടെയിൽ ബിസിനസുകളിൽ ഫോക്കസ്
കൊച്ചി: സിങ്കപ്പൂർ ആസ്ഥാനമായതും ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ കൊമേഴ്‌സ്യൽ ബാങ്ക് എന്ന വിശേഷണവുമുള്ള ഡിബിഎസ് ബാങ്കിന്റെ ഇന്ത്യൻ സബ്സിഡിയറിയായ ഡിബിഎസ് ഇന്ത്യ ലിമിറ്റഡ് രാജ്യത്ത് വലിയ വളർച്ച ലക്ഷ്യമിടുന്നു.
ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യമുണ്ടായിരുന്ന ലക്ഷ്മി വിലാസ് ബാങ്കുമായുള്ള സംയോജനം പൂർത്തിയാക്കിയതോടെ ഡിബിഎസ് ഇന്ത്യയുടെ രാജ്യത്തെ ശാഖകളുടെ എണ്ണം 530 ആയി ഉയർന്നു. കേരളത്തിൽ നിലവിൽ ബാങ്കിന് 12 ശാഖകളുണ്ട്.
തങ്ങളുടെ സ്വർണ പണയ ബിസിനസ് ഇപ്പോഴുള്ള 4500 കോടി രൂപയിൽ നിന്ന് അടുത്ത അഞ്ചു വർഷത്തിൽ മൂന്നിരട്ടി വർദ്ധനവോടെ 13500 കോടി രൂപയിലെത്തിക്കുകകയാണ് ലക്ഷ്യമെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും നാഷണൽ ഡിസ്ട്രിബ്യൂഷൻ മേധാവിയുമായ ഭരത് മണി വ്യക്തമാക്കി.
2020 നവംബറിൽ നടത്തിയ സംയോജനത്തിനു തുടർച്ചയായി ലക്ഷ്മി വിലാസ് ബാങ്കിന്റെ മുഴുവൻ സംവിധാനങ്ങളേയും സിസ്റ്റങ്ങളേയും ജീവനക്കാരേയും ഡിബിഎസ് പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നത് അടുത്തിടെ പൂർത്തിയാക്കിയിരുന്നു.
ഇരുപതോളം ശാഖകളുമായി രാജ്യത്തെ മുൻനിര നഗരങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഡിബിഎസ് ഇന്ത്യ ഇതോടെ 19 സംസ്ഥാനങ്ങളിലായി 530 ശാഖകളുള്ള ശക്തമായ ബാങ്കിങ് ശൃംഖലയായി മാറി. ദക്ഷിണേന്ത്യയിലും ഇതോടെ ബാങ്കിന് ശക്തമായ സാന്നിധ്യമാണുണ്ടായത്.
ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസിൽ നിന്ന് റീട്ടെയിൽ തലത്തിലേക്കുള്ള മാറ്റവും ശ്രദ്ധേയമാണ്. മുൻപ് 70 ശതമാനത്തിലധികം കോർപ്പറേറ്റ് ബിസിനസ് ആയിരുന്നത് 40 ശതമാനത്തോളമായി കുറച്ചു. ഗോൾഡ് ലോൺ, എസ്എംഎ, മറ്റ് റീട്ടെയിൽ ബിസിനസുകൾ എന്നിവയിലാകും കൂടുതൽ ഫോക്കസ്.
ഡിബിഎസ് ഗോൾഡ് ലോണുകൾ വഴി ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്വർണാഭരണങ്ങളുടെ ഉയർന്ന മൂല്യം ഉറപ്പാക്കുന്നതും 30 മിനിറ്റിനുള്ളിൽ വിതരണം സാധ്യമാക്കുന്നതുമായ, ഗ്രാം നിരക്കിലുള്ളതും കുറഞ്ഞ പലിശ നിരക്കിലുള്ളതുമായ ലോണുകളാണ് ലഭ്യമാക്കുന്നത്.
ശക്തമായ കറണ്ട്, സേവിങ്സ് അക്കൗണ്ട് (സിഎഎസ്എ) ബാലൻസുകളുമായി ബാങ്ക് റീട്ടെയിൽ ഉപഭോക്തൃ നിരയിൽ മികച്ച വളർച്ച പ്രകടിപ്പിച്ചിട്ടുമുണ്ട്. ഡിബിഎസ് ബാങ്ക് ഇന്ത്യൻ വിപണിയിൽ മികച്ച വളർച്ച കാട്ടുന്നുണ്ടെന്നും എല്ലാ ബിസിനസ് മേഖലകളിലും നേട്ടമുണ്ടാക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ബാങ്കിന്റെ വളർച്ചയെക്കുറിച്ചു പ്രതികരിക്കവെ ഭരത് മണി പറഞ്ഞു.