ന്യൂഡല്‍ഹി: പണപ്പെരുപ്പം കുറയ്ക്കുന്നതിനായി 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവിന് കൂടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തയ്യാറേയേക്കും. ഡിബിഎസ് ഗ്രൂപ്പ് റിസര്‍ച്ച് തിങ്കളാഴ്ച അറിയിച്ചു. നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാനായി അടുത്തമാസമാണ് ആര്‍ബിഐ ധനനയ അവലോകന കമ്മിറ്റി (എംപിസി) യോഗം ചേരുന്നത്.
കഴിഞ്ഞവര്‍ഷം മെയ് മാസം തൊട്ട് ഇതുവരെ 250 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവിന് കേന്ദ്രബാങ്ക് തയ്യാറായി. ഫെബ്രുവരിയിലെ 25 ബേസിസ് പോയിന്റാണ് ഇതില്‍ അവസാനത്തേത്. ഇതോടെ ബെഞ്ച്മാര്‍ക്ക് പോളിസി നിരക്ക് 6.50 ശതമാനമായി ഉയര്‍ന്നു.
ഏപ്രിലില്‍ 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവിന് ആര്‍ബിഐ തയ്യാറായേക്കുമെന്ന് ഡിബിഎസ് ഗ്രൂപ്പ് റിസര്‍ച്ച് എക്സിക്യൂട്ടീവ് ഡയറക്ടറും സീനിയര്‍ ഇക്കണോമിസ്റ്റുമായ രാധിക റാവു പറയുന്നു. റീട്ടെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ 5.72 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ റീട്ടെയില്‍ പണപ്പെരുപ്പം 6.52 ശതമാനമായി ഉയര്‍ന്നു.
ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഉപഭോക്തൃ സൂചിക പണപ്പെരുപ്പം 6.44 ശതമാനമാണ്. അതേസമയം വിതരണ പ്രശ്‌നങ്ങള്‍ക്കൊണ്ട് രൂപപ്പെട്ട പണപ്പെരുപ്പത്തെ പലിശ നിരക്ക് വര്‍ധനവ് കൊണ്ട് മാത്രം നേരിടാനാകില്ല, റാവു അറിയിക്കുന്നു.
‘കാര്‍ഷിക ഉല്‍പ്പാദനത്തിന് കാലാവസ്ഥാ സാഹചര്യങ്ങള്‍ പ്രധാനമാണ്. അടുത്ത 3 മാസത്തില്‍ ഉയര്‍ന്ന താപനില സംജാതമായേക്കാം. ജൂണ്‍-ജൂലൈ മാസങ്ങളിലെ മണ്‍സൂണ്‍ നിര്‍ണായകമായിരിക്കും. കാലാവസ്ഥ… പണപ്പെരുപ്പത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട സ്വാധീനഘടകമാണ്. ജനസംഖ്യയുടെ 45 ശതമാനത്തോളം കാര്‍ഷികരംഗത്ത് തൊഴില്‍ ചെയ്യുന്നു.’
പണപ്പെരുപ്പം ഇപ്പോഴും ലക്ഷ്യം ഭേദിച്ചിരിക്കയാണ്. ”ഭക്ഷ്യവില ഉയരുന്നതിന് കാരണം വിതരണ പ്രശ്‌നങ്ങളാണ്. കോര്‍ പണപ്പെരുപ്പം വിട്ടുമാറുന്നില്ല. ഏപ്രില്‍ മീറ്റിംഗില്‍ 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവിന് ഏപ്രിലില്‍ എംപിസി തയ്യാറാകും,’ റാവു പറഞ്ഞു.