Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തില്‍ ഇടിവ്

മുംബൈ: ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവിൽ ജൂലായിൽ ഒമ്പത് ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂണിലെ 40,608 കോടി രൂപയിൽ നിന്ന് ജൂലായിൽ 37,113 കോടിയായാണ് കുറഞ്ഞത്.

സെക്ടറൽ, തീമാറ്റിക് ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവിൽ 10 ശതമാനമാണ് ഇടിവ്.

അതേസമയം, കടപ്പത്രങ്ങളിൽ നിക്ഷേപം നടത്തുന്ന ഡെറ്റ് ഫണ്ടുകളിൽ ജൂണിലെ 1.07 ലക്ഷം കോടിയിൽ നിന്ന് 1.19 ലക്ഷം കോടി രൂപയായി വർധിക്കുകയും ചെയ്തു.

മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ജൂലായിൽ 64.69 ലക്ഷം കോടിയായി. ആറ് ശതമാനമാണ് വർധന. ജൂണിൽ 60.89 ലക്ഷം കോടി രൂപയായിരുന്നു മൊത്തം നിക്ഷേപം.

മിഡ്ക്യാപ് ഫണ്ടുകളിലെ നിക്ഷേപ വരവിലാണ് വലിയ ഇടിവ് നേരിട്ടത്. ഈ വിഭാഗത്തിലെ ഫണ്ടുകളിൽ നിന്ന് 2,527 കോടി രൂപയാണ് ജൂലായിൽ നിക്ഷേപകർ പിൻവലിച്ചത്. ജൂണിലാകട്ടെ പിൻവലിച്ച തുക 1,644 കോടിയായിരുന്നു. 35 ശതമാനമാണ് വർധന.

ടാക്സ് സേവിങ്, ഫോക്കസ്ഡ് എന്നീ ഫണ്ടുകളിലൊഴികെ മറ്റ് വിഭാഗങ്ങളിലെ ഫണ്ടുകളിലെ നിക്ഷേപ വരവ് മുൻ മാസത്തേതിന് സമാനമായിരുന്നു.

ടാക്സ് സേവിങ്(ഇഎൽഎസ്എസ്) ഫണ്ടുകളിൽ നിന്ന് ജൂലായ് മാസത്തിൽ 637 കോടി രൂപയും ഫോക്കസ്ഡ് ഫണ്ടുകളിൽ നിന്ന് 620 കോടി രൂപയുമാണ് നിക്ഷേപകർ പിൻവലിച്ചത്. സ്മോൾ ക്യാപിലാകട്ടെ നിക്ഷേപ താത്പര്യം വർധിച്ചതായി കാണാം.

2,109 കോടി രൂപയുടെ നിക്ഷേപമാണ് ഈ വിഭാഗത്തിലെ ഫണ്ടുകളിലെത്തിയത്.

ലിക്വിഡ് ഫണ്ടുകളിൽ ജൂലായിൽ 70,060 കോടി രൂപയാണെത്തിയത്. അതേസമയം, ജൂണിൽ 80,354 കോടി രൂപയ പിൻവലിക്കുകയാണുണ്ടായത്. ഡെറ്റിലെ 15 വിഭാഗം ഫണ്ടുകളിൽ 12 എണ്ണത്തിലും നിക്ഷേപ വർധനവ് രേഖപ്പെടുത്തി.

ഹൈബ്രിഡ് ഫണ്ടുകളിൽ 97 ശതമാനമാണ് നിക്ഷേപ വർധന. ജൂണിലെ 8,854 കോടി രൂപയിൽ നിന്ന് ജൂലായിൽ 17,436 കോടി രൂപയായി.

ജൂലായിൽ 15 ഓപ്പൺ എൻഡഡ് സ്കീമുകളാണ് വിപണിയിലെത്തിയത്. ഇവയൊട്ടാകെ 16,565 കോടി രൂപയാണ് സമാഹരിച്ചത്.

X
Top