
ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ് ജിപിടിയെ മറികടന്ന് ഡീപ്സീക്. തങ്ങളുടെ ഫ്ളാഗ്ഷിപ്പ് മോഡലായ ആർ1 പുറത്തിറക്കിയതിന് പിന്നാലെയാണ് ഡീപ്സീക് ഡൗണ്‍ലോഡുകളില്‍ ഒന്നാമതായത്. ചാറ്റ് ജിപിടിക്ക് അടുത്തകാലത്ത് വൻവെല്ലുവിളി ഉയർത്തുന്ന ചൈനീസ് കമ്പനിയാണ് ഡീപ് സീക്.
ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍എ.ഐയുടേയും ഗൂഗിളിന്റേയും മെറ്റയുടേയും സാധ്യതകളെ മറികടക്കുന്ന തരത്തിലുള്ളതാണ് ഡീപ്സീകിന്റെ ലാർജ് ലാംഗ്വേജ് മോഡലെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനീസ് ക്വാണ്ട് ഹെഡ് ഫണ്ട് മാനേജർ ലിയാങ് വെൻഫെങ്ങിന്റെ നേതൃത്വത്തില്‍ ഉള്ള കമ്ബനിയാണ് ഡീപ്സീക്.
യു.എസ്. കമ്ബനികളെ അപേക്ഷിച്ച് ചെലവുകുറഞ്ഞ രീതിയിലാണ് ഡീപ്സീക് മോഡലുകള്‍ വികസിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഡീപ്സീക് പുറത്തുവിട്ട കണക്കുപ്രകാരം വി3 മോഡല്‍ വികസിപ്പിക്കാനും ട്രെയിൻ ചെയ്യാനും ആറ് ദശലക്ഷം ഡോളറില്‍ താഴെയാണ് ചെലവ്.
എൻവിഡിയയുടെ 2,000 എച്ച്800 ചിപ്പുകളാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്. എച്ച്100 ആണ് എൻവിഡിയയുടെ ഫ്ളാഗ്ഷിപ്പ് ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ (ജി.പി.യു). എന്നാല്‍, അമേരിക്കയുടെ ഉപരോധം കാരണം ചൈനയ്ക്ക് എച്ച്100 ജി.പി.യുകള്‍ ഇറക്കുമതി ചെയ്യാൻ സാധിക്കില്ല.
അതിനാലാണ് ഡീപ്സീക് എച്ച്800 ചിപ്പുകള്‍ ഉപയോഗിക്കുന്നത്. എച്ച്100-നെ അപേക്ഷിച്ച് ഇവയ്ക്ക് ഡാറ്റാ ട്രാൻസ്ഫർ നിരക്ക് കുറവാണ്.