ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഇന്ത്യ കയറ്റുമതി ചെയ്തത് 8,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍. 2025 ഓടെ കയറ്റുമതി 35,000 കോടി രൂപയാക്കുകയാണ് ലക്ഷ്യം. ഗാന്ധിനഗറില്‍ നടക്കുന്ന ഡിഫന്‍സ് എക്‌സ്‌പോയുടെ (ഡിഫ് എക്‌സ്‌പോ) കര്‍ട്ടന്‍ റൈസര്‍ പരിപാടിയില്‍ സംസാരിക്കുകവേ പ്രതിരോധവകുപ്പ് മന്ത്രി രാജ് നാഥ് സിംഗാണ് ഇക്കാര്യം പറഞ്ഞത്.
അധികാരമേറ്റ 2014 ന് ശേഷം ഇതുവരെ 30,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് നടത്തിയതെന്നും 9000 കോടി രൂപയുടെ കയറ്റുമതി കൂടി ഈ വര്‍ഷം നടത്തുമെന്നും മന്ത്രി പറഞ്ഞു. 2014ന് മുമ്പ്, 900 -1,300 കോടി രൂപയുടെ (പ്രതിരോധ) കയറ്റുമതി മാത്രമാണ് നടത്തിക്കൊണ്ടിരുന്നത്.
ഡിഫന്‍സ് എക്‌സ്‌പോയുടെ ഭാഗമായി ഇതിനോടകം 1.50 ലക്ഷം കോടി രൂപയുടെ കരാറുകള്‍ ഒപ്പുവച്ചതായും മന്ത്രി പറഞ്ഞു.1,3000ലധികം കമ്പനികള്‍ ഡെഫ് എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. ഇത് ഇതുവരെയുള്ള ഇവന്റിലെ ഏറ്റവും വലിയ സംഖ്യയാണ്. പ്രതിരോധ ഉപകരണങ്ങളുടെ രൂപകല്പന, വികസനം, നിര്‍മാണം എന്നിവയില്‍ ആഗോള നിലവാരം കൈവരിക്കാന്‍ രാജ്യത്തിനായി.