
ന്യൂഡല്ഹി: യുഎസ് നിര്മിത സായുധ ഡ്രോണുകള് വാങ്ങാന് പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി. ജനറല് അറ്റോമിക്സ് നിര്മിച്ച 31 MQ-9B സീഗാര്ഡിയന് ഡ്രോണുകളാണ് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത്.
ഡ്രോണുകള്ക്ക് മൂന്ന് ബില്യണ് ഡോളര്(ഏകദേശം 25,000 കോടി രൂപ) വിലവരും. അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്ശനത്തിനായി തിരിക്കാനിരിക്കെയാണ് ഡ്രോണുകള് വാങ്ങാനുള്ള അനുമതിക്കായുള്ള പ്രാഥമിക നടപടി പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില് അടുത്ത ആഴ്ച നടക്കുന്ന കൂടിക്കാഴ്ചയില് ഇതുസംബന്ധിച്ച കരാര്; ഒപ്പുവെക്കുമെന്ന് മന്ത്രാലയത്തോടടുത്ത വൃത്തങ്ങള് സൂചന നല്കി.
ചൈനയെ പ്രതിരോധിക്കാന് ഇന്ത്യയുമായുള്ള ബന്ധം കൂടുതല് ശക്തിപ്പെടുത്താനുള്ള നീക്കമാണ് യുഎസിന്റെ ഭാഗത്ത് നിന്നുള്ളത്. പ്രതിരോധ സാങ്കേതികവിദ്യയില് ഇന്ത്യയുമായി സഹവര്ത്തിത്വത്തിനുള്ള സന്നദ്ധത യുഎസ് പ്രകടിപ്പിച്ചിട്ടുമുണ്ട്.
ആഭ്യന്തര മന്ത്രാലയത്തില് നിന്ന് പ്രാഥമിക അനുമതി ലഭിച്ച ശേഷം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കൂടി ഇക്കാര്യത്തില് ലഭിക്കേണ്ടതുണ്ട്. ഇന്ത്യയ്ക്ക് 30 ഡ്രോണുകള് നല്കാനുള്ള അനുമതി രണ്ട് കൊല്ലം മുമ്പ് തന്നെ യുഎസ് നല്കിയിരുന്നു.
എന്നാല് പ്രതിരോധമന്താലയത്തിന്റെ തീരുമാനം വൈകുകയായിരുന്നു. മോദിയുടെ നാല് ദിവസത്തെ യുഎസ് സന്ദര്ശനത്തിനുള്ള തീയതി നിശ്ചയിച്ചതോടെ യുഎസ് വീണ്ടും കരാറില് താത്പര്യം പ്രകടിപ്പിച്ചു.
ഇന്ത്യന് നാവികസേനയായിരിക്കും യുഎസില് നിന്ന് വാങ്ങുന്ന ഡ്രോണുകള് പ്രധാനമായും ഉപയോഗിക്കുക. സമുദ്രമേഖലയിലെ നിരീക്ഷണത്തിനായി 2020 നവംബര് മുതല് രണ്ട് നിരായുധ MQ-9B ഡ്രോണുകള് വാടകയ്ക്കെടുത്ത് ഇന്ത്യ ഉപയോഗിച്ചുവരികയാണ്.
ഡല്ഹിയിലെത്തിയ യുഎസ് നാഷണല് സെക്യൂരിറ്റി അഡ്വൈസർ ജേക്ക് സള്ളിവന് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്, ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല് എന്നിവരുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയിരുന്നു.
ഒരാഴ്ച മുമ്പ് അമേരിക്കന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന് ഡല്ഹിലെത്തുകയും പ്രതിരോധവ്യവസായത്തിലെ സഹവര്ത്തിത്വം സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
പതിറ്റാണ്ടുകളായി സൈനികാവശ്യങ്ങള്ക്കായി റഷ്യയെ ആശ്രയിക്കുന്ന ഇന്ത്യയെ അതില് നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യം കൂടി യുഎസിനുണ്ടെന്നാണ് വിലയിരുത്തല്.