ഡൽഹി: മാർച്ച് പാദത്തെ അപേക്ഷിച്ച് ലോജിസ്റ്റിക്സ് കമ്പനിയായ ഡൽഹിവേരിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം ജൂൺ പാദത്തിൽ 16 ശതമാനം ഇടിഞ്ഞ് 1,746 കോടി രൂപയായി. ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഏറ്റവും വലിയ വരുമാന സ്‌ട്രീം ഉൾപ്പെടുന്ന ഇ-കൊമേഴ്‌സ് വ്യവസായത്തിലെ മാന്ദ്യമാണ് വരുമാന ഇടിവിലേക്ക് നയിച്ചത്.
അതേപോലെ ആദ്യ പാദത്തിൽ ഡൽഹിവേരിയുടെ അറ്റനഷ്ടം 233 ശതമാനം ഉയർന്ന് 399 കോടി രൂപയായി. വരുമാനത്തിന്റെ ഒരു ശതമാനമെന്ന നിലയിൽ കമ്പനിയുടെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ചെലവ് തുടർച്ചയായി 72.5 ശതമാനത്തിൽ നിന്ന് 83 ശതമാനമായി വർദ്ധിച്ചു. ലോജിസ്റ്റിക്‌സ് യൂണികോണിന്റെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,318 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ വാർഷികാടിസ്ഥാനത്തിൽ 32 ശതമാനം വർധിച്ചു.
തിങ്കളാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ ബിഎസ്ഇയിൽ ഡൽഹിവെരിയുടെ ഓഹരികൾ 1.23 ശതമാനം ഇടിഞ്ഞ് 643 രൂപയിലെത്തി. മെയ് 11 ന് കമ്പനി അതിന്റെ പ്രാരംഭ പബ്ലിക് ഓഫർ (ഐപിഒ) നടത്തിയിരുന്നു, ഇതിലൂടെ 5,235 കോടി രൂപ കമ്പനി സമാഹരിച്ചു. ലിസ്റ്റിംഗ് ദിവസം ഇഷ്യു വിലയ്‌ക്കെതിരെ അതിന്റെ ഓഹരികൾ 10 ശതമാനം ഉയർന്ന് 537 രൂപയിലെത്തിയിരുന്നു.
17,045 പിൻ കോഡുകളിൽ സേവനങ്ങൾ നൽകിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു നെറ്റ്‌വർക്ക് കമ്പനി നിർമ്മിച്ചിട്ടുണ്ട്. 2011 ജൂണിൽ ആരംഭിച്ച ഡെൽഹിവെരി, വരുമാനം അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പൂർണ്ണ സംയോജിത ലോജിസ്റ്റിക് സേവന കമ്പനിയാണ്, കൂടാതെ എക്‌സ്‌പ്രസ് പാഴ്‌സൽ, ഹെവി ഗുഡ്‌സ് ഡെലിവറി, വെയർഹൗസിംഗ്, സപ്ലൈ ചെയിൻ സൊല്യൂഷനുകൾ, ക്രോസ്-ബോർഡർ എക്‌സ്‌പ്രസ് ചരക്ക് സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ലോജിസ്റ്റിക് സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.