മുംബൈ: മെയ് മാസത്തില്‍ 2.1 ദശലക്ഷം അക്കൗണ്ടുകള്‍ ചേര്‍ത്തതോടെ 2023 ല്‍ ഡീമാറ്റ് അക്കൗണ്ട് തുറക്കല്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 3 മാസം മുന്‍പാണ് മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2 ദശലക്ഷത്തിലധികമാകുന്നത്. ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 118.16 ദശലക്ഷം കവിഞ്ഞതായി എന്എസ്ഡിഎല്, സിഡിഎസ്എല്‍ ഡാറ്റ കാണിക്കുന്നു.
ഇത് മുന്‍മാസത്തേക്കാള്‍ 1.8 ശതമാനം വര്‍ദ്ധനവും മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 25 ശതമാനം വര്‍ദ്ധനവുമാണ്. ഏപ്രിലില്‍ ഡീമാറ്റ് തുറക്കുന്നതില്‍ ഇടിവുണ്ടായിരുന്നു. 1.6 ദശലക്ഷം അക്കൗണ്ടുകള്‍ മാത്രമാണ് ഏപ്രിലില്‍ തുറന്നത്.
ഇത് 2020 ഡിസംബറിന് ശേഷമുള്ള താഴ്ന്ന നിലയാണ്. മെയ് മാസത്തിലെ കുതിച്ച് ചാട്ടത്തിന് കാരണമായി വിദഗ്ധര്‍ ചൂണ്ടി്കാട്ടുന്നത് ചില്ലറ നിക്ഷേപകരുടെ ഇടയിലെ പുതു താല്പര്യമാണ്. ഡീമാറ്റ് തുറക്കുന്നതും വിപണിയുടെ പ്രകടനവും തമ്മില്‍ ബന്ധമുണ്ട്.
2023 ഏപ്രിലില്‍, വിപണി ആഗോള വിപണിയെക്കാള്‍ 4 ശതമാനം മികച്ച പ്രകടനം കാഴ്ചവച്ചു. മാത്രമല്ല ഈ പോസിറ്റീവ് പ്രവണത മെയ് വരെ തുടരുകയും , ആ മാസത്തില്‍ വിപണി 3 ശതമാനം മികച്ച പ്രകടനം കാഴ്ചയ്ക്കുകയും ചെയ്തു. പലിശനിരക്ക് വര്‍ദ്ധിപ്പിക്കാത്ത ആര്‍ബിഐ നിലപാടും വിപണിയ്ക്ക് ഉത്തേജനം നല്കുന്നു.