
വിപണി തിരുത്തല്‍ നേരിട്ടപ്പോഴും ഓഗസ്റ്റില്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 31 ലക്ഷം അക്കൗണ്ടുകളാണ് ഓഗസ്റ്റില്‍ മാത്രം തുറന്നത്.
2022 ജനുവരിക്കുശേഷമുള്ള ഉയര്‍ന്ന പ്രതിമാസ കണക്കാണിത്. ജൂലായില്‍ 29.7 ലക്ഷമായിരുന്നു പുതിയതായി തുറന്നത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ 25.83 ശതമാനമാണ് വര്‍ധന.
ഇതോടെ മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 12.66 കോടി പിന്നിട്ടതായി സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസ്, നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റം നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസമുയര്ത്തിയാണ് അക്കൗണ്ടുകളിലെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയത്.
ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ച, ഹ്രസ്വ-ദീര്‍ഘകാല പദ്ധതികളിലെ സര്‍ക്കാരിന്റെ ഊന്നല്‍, സ്വകാര്യമേഖലയുടെ മൂലധനനിക്ഷേപം തുടങ്ങിയവ വിപണിക്ക് കരുത്തേകി. ചെറുപ്പക്കാരായ നിക്ഷേപകരെ ഇത് കൂടുതല്‍ ആകര്ഷിച്ചുവെന്നുവേണം കരുതാന്‍.
പ്രധാന സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും ഓഗസ്റ്റില്‍ 2.5 ശതമാനംവീതം നഷ്ടം നേരിട്ടപ്പോള്‍ വിശാല സൂചികകളായ ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് എന്നിവ യഥാക്രമം 2.6 ശതമാനവും 6.1ശതമാനവും നേട്ടമുണ്ടാക്കി.
സെപ്റ്റംബറിലേക്ക് കടന്നപ്പോള്‍ സെന്‍സെക്സ് 66,000 തിരിച്ചുപിടിക്കുകയും ചെയ്തു. നിഫ്റ്റിയാകട്ടെ 19,700ന് മുകളിലുമെത്തി.