ന്യൂഡല്‍ഹി: ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളിലെ (എസ്സിബി) നിക്ഷേപ വളര്‍ച്ച നേരിയ തോതില്‍ മെച്ചപ്പെട്ടു. 2022-23 സാമ്പത്തികവര്‍ഷത്തില്‍ നിക്ഷേപ വളര്‍ച്ച 10.2 ശതമാനമാണ്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 10 ശതമാനം വളര്‍ച്ച കുറിച്ച സ്ഥാനത്താണിത്.
മുതിര്‍ന്ന പൗരന്മാരുമായുള്ള നിക്ഷേപം 2023 മാര്‍ച്ച് വരെ മൊത്തം നിക്ഷേപത്തിന്റെ അഞ്ചിലൊന്നാണ്. മൊത്തം ടേം ഡെപ്പോസിറ്റുകളിലും സമ്പാദ്യത്തിലും അവരുടെ വിഹിതം യഥാക്രമം 22.2 ശതമാനവും 21.3 ശതമാനവുമായി.എസ്സിബികളിലെ മൊത്തം നിക്ഷേപങ്ങളില്‍ വനിതാ മുതിര്‍ന്ന പൗരന്മാരുടെ വിഹിതം 7.2 ശതമാനമായപ്പോള്‍ വനിതകളുടെ സംഭാവന 20.5 ശതമാനമായി ഉയര്‍ന്നു.
ടേം നിക്ഷേപമാണ് (73.2%) നിക്ഷേപങ്ങളിലധികം. മൊത്തം നിക്ഷേപങ്ങളിലെ ടേം ഡെപ്പോസിറ്റുകളുടെ വിഹിതം 2023 മാര്‍ച്ചില്‍ 56.9 ശതമാനമായി ഉയര്‍ന്നു. പണനയം കര്‍ശനമാക്കിയതോടെ ഇത്തരം നിക്ഷേപങ്ങളിലുള്ള റിട്ടേണ്‍ ഉയര്‍ന്നിരുന്നു.
1 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ യഥാര്‍ത്ഥ മെച്യൂരിറ്റി കാലയളവുള്ള ടേം ഡെപ്പോസിറ്റുകളുടെ വിഹിതം 2023 മാര്‍ച്ച് അവസാനത്തോടെ 64.2 ശതമാനവും 6% മുതല്‍ 8% വരെ പലിശനിരക്കുള്ള ടേം ഡെപോസിറ്റുകള്‍ മൊത്തം നിക്ഷേപത്തിന്റെ 57.6 ശതമാനവുമാണ്. മുന്‍വര്‍ഷത്തില്‍ രണ്ടാമത്തെ ഗണത്തിലുള്ള നിക്ഷേപം വെറും 12.6 ശതമാനം മാത്രമായിരുന്നു. മൊത്തം നിക്ഷേപത്തില്‍ ഗാര്‍ഹിക മേഖലയുടെ പങ്ക് 61.9 ശതമാനമായി.
വ്യക്തികളുടെ പേരിലുള്ളത് 52.8 ശതമാനം. ഇന്‍ക്രിമെന്റല്‍ നിക്ഷേപത്തിന്റെ 45.6 ശതമാനവും ഗാര്‍ഹിക നിക്ഷേപത്തിന്റെ 53.7 ശതമാനവും സ്വകാര്യ ബാങ്കുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മൊത്തം നിക്ഷേപത്തിന്റെ അവരുടെ വിഹിതം 32.8 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 31.5 ശതമാനമായിരുന്ന സ്ഥാനത്താണിത്.
ഗാര്‍ഹിക നിക്ഷേപങ്ങളുടെ പകുതിയിലധികം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നിക്ഷേപങ്ങളുടെ തരം (കറന്റ്, സേവിംഗ്‌സ്, ടേം), സ്ഥാപന മേഖല തിരിച്ചുള്ള ഉടമസ്ഥാവകാശം, ടേം ഡെപ്പോസിറ്റുകളുടെ മെച്യൂരിറ്റി പാറ്റേണ്‍, ബേസിക് സ്റ്റാറ്റിസ്റ്റിക്കല്‍ റിട്ടേണ്‍ (ബിഎസ്ആര്‍) സര്‍വേ പ്രകാരം ജീവനക്കാരുടെ എണ്ണം എന്നിവയെക്കുറിച്ചുള്ള ബ്രാഞ്ച് തിരിച്ചുള്ള ഡാറ്റകളും എസ്സിബി പുറത്തുവിട്ടു.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി മെയ് 22 മുതല്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. 250 ബേസിസ് പോയിന്റ് (ബിപിഎസ്) വര്‍ധനവാണ് വരുത്തിയത്.