
കൊച്ചി: കേരളം ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മൊത്തം വായ്പകളിലും നിക്ഷേപങ്ങളിലും രേഖപ്പെടുത്തിയത് ഭേദപ്പെട്ട വളർച്ച.
വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 10,040 കോടി രൂപയിൽ നിന്ന് 6.02 ശതമാനം ഉയർന്ന് 10,644 കോടി രൂപയിലെത്തിയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി. സ്വർണ വായ്പകളിലെ വളർച്ച 28.64 ശതമാനമാണ്. 2,451 കോടി രൂപയിൽ നിന്ന് 3,153 കോടി രൂപയായാണ് വർധന.
മൊത്തം നിക്ഷേപങ്ങൾ 13,402 കോടി രൂപയിൽ നിന്ന് 7.75 ശതമാനം ഉയർന്ന് 14,440 കോടി രൂപയായി. കറന്‍റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (CASA) നിക്ഷേപം 6.18 ശതമാനം വർധിച്ചതും നേട്ടമാണ്.
4,242 കോടി രൂപയിൽ നിന്ന് 4,504 കോടി രൂപയായാണ് ഉയർച്ച. ബാങ്കിന്‍റെ മൊത്തം ബിസിനസ് 23,442 കോടി രൂപയിൽ നിന്ന് 7 ശതമാനം ഉയർന്ന് 25,084 കോടി രൂപയിലുമെത്തി.