![](https://www.livenewage.com/wp-content/uploads/2022/05/dhanlaxmi-bank-1.jpg)
മുംബൈ: 2022 മാർച്ചിൽ അവസാനിച്ച പാദത്തിൽ അറ്റാദായം നാലിരട്ടി വർധിച്ച് 23.42 കോടി രൂപയിലെത്തിയതായി ധനലക്ഷ്മി ബാങ്ക് അറിയിച്ചു, മുൻ വർഷം ഇതേ കാലയളവിൽ ബാങ്ക് 5.28 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2021-22 ജനുവരി-മാർച്ച് കാലയളവിൽ ബാങ്കിന്റെ മൊത്തം വരുമാനം 233.43 കോടിയിൽ നിന്ന് 302.58 കോടി രൂപയായി ഉയർന്നതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.കൂടാതെ, 2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ബാങ്കിന്റെ പലിശ വരുമാനം 212.77 കോടിയിൽ നിന്ന് 10.4 ശതമാനം വർധിച്ച് 234.91 കോടി രൂപയായി.
എന്നിരുന്നാലും, 2021-22 മുഴുവൻ സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ അറ്റാദായം 2020-21 ലെ 37.19 കോടിയിൽ നിന്ന് 3.5 ശതമാനം ഇടിഞ്ഞ് 35.90 കോടി രൂപയായി കുറഞ്ഞു. ഇതേകാലയളവിലെ മൊത്തവരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 1,052.97 കോടിയിൽ നിന്ന് 3.1 ശതമാനം വർധിച്ച് 1,085.76 കോടി രൂപയായി. ആസ്തിയുടെ കാര്യത്തിൽ, 2022 മാർച്ച് 31 വരെയുള്ള ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികൾ (ജിഎൻപിഎ) മൊത്ത അഡ്വാൻസുകളുടെ 6.32 ശതമാനമായി മെച്ചപ്പെട്ടു. മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, 2022 മാർച്ചിലെ മൊത്ത എൻപിഎ 2021 മാർച്ചിലെ 657.21 കോടി രൂപയിൽ നിന്ന് 533.54 കോടി രൂപയായി കുറഞ്ഞു.
അറ്റ നിഷ്‌ക്രിയ ആസ്തി 2.85 ശതമാനം കുറഞ്ഞ് 232.16 കോടി രൂപയായി. ബിഎസ്ഇയിൽ ധനലക്ഷ്മി ബാങ്കിന്റെ ഓഹരികൾ 1.12 ശതമാനം ഇടിഞ്ഞ് 13.25 രൂപയിലാണ് വ്യാപാരം നടത്തുന്നത്.