കൊച്ചി: തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ അവകാശ ഓഹരികളുടെ വില്പനയില്‍ നിക്ഷേപ പങ്കാളിത്തം ഏറുന്നു. ജനുവരി 28ന് അവസാനിക്കുന്ന അവകാശ ഓഹരി വില്പനയിലൂടെ 297 കോടി രൂപയാണ് സമാഹരിക്കുന്നത്. 2008-നുശേഷം ആദ്യമായി നടത്തുന്ന അവകാശ ഓഹരി വില്പനയില്‍ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് പങ്കെടുക്കാം. നിലവില്‍ 25 ഓഹരികള്‍ കൈവശമുള്ളവർക്ക് 14 ഓഹരികള്‍ എന്ന അനുപാതത്തില്‍ അപേക്ഷിക്കാം. 14:25 ആണ് അനുപാതം. പത്ത് രൂപ മുഖവിലയുള്ള ഓഹരികള്‍ 11 രൂപ പ്രീമിയം അടക്കം 21 രൂപയ്ക് വാങ്ങാനാകും. വളർച്ചാ ആവശ്യങ്ങള്‍ക്കും സാങ്കേതികവിദ്യാ വിപുലീകരണത്തിനുമാണ് തുക പ്രധാനമായും വിനിയോഗിക്കുക. മൂലധന പര്യാപ്തതാ അനുപാതം 17 ശതമാനമായി ഉയർത്തും. കഴിഞ്ഞ വർഷം ഡിസംബർ 31-ലെ കണക്കനുസരിച്ച് ബാങ്കിന്റെ മൊത്തം ബിസിനസ് 7.26 ശതമാനം വർദ്ധിച്ച് 26,443 കോടി രൂപയിലെത്തിയെന്നാണ് പ്രാഥമിക നിഗമനം. മൊത്തം വായ്പ 10.30 ശതമാനം ഉയർന്ന് 11,376 കോടിയായപ്പോള്‍ മൊത്തം നിക്ഷേപം 5.07 ശതമാനം ഉയർന്ന് 15,067 കോടി രൂപയിലെത്തി.
ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നു
Abhilaash Chaams
January 15, 2025 2:06 pm