തൃശൂർ: സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്ക് (Dhanlaxmi Bank) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ രേഖപ്പെടുത്തിയത് മികച്ച ലാഭവളർച്ച.
മുൻവർഷത്തെ സമാനപാദത്തിലെ 23.16 കോടി രൂപയിൽ നിന്ന് 11.4% ഉയർന്ന് 25.81 കോടി രൂപയായാണ് വളർച്ച. നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ബാങ്ക് നേരിട്ടത് 8 കോടി രൂപയുടെ നഷ്ടമായിരുന്നു. വരുമാനം (total income) 327.43 കോടി രൂപയിൽ നിന്ന് 16.25% മെച്ചപ്പെട്ട് 380.64 കോടി രൂപയായി.
റീറ്റെയ്ൽ ബാങ്കിങ് ശ്രേണിയിൽ നിന്നുള്ള വരുമാനം 173.45 കോടി രൂപയിൽ നിന്ന് 26.6% ഉയർന്ന് 219.6 കോടി രൂപയിലുമെത്തി.
ധനലക്ഷ്മി ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി (GNPA) മുൻവർഷത്തെ സമാനപാദത്തിലെ 5.36 ശതമാനത്തിൽ നിന്ന് 3.82 ശതമാനത്തിലേക്ക് കുറഞ്ഞു. ജൂൺപാദത്തിൽ ഇത് 4.04% ആയിരുന്നു.
അറ്റ നിഷ്ക്രിയ ആസ്തി (NNPA) 1.29 ശതമാനത്തിൽ നിന്ന് കുറഞ്ഞ് 1.12% ആയതും നേട്ടമാണ്. 1.26% ആയിരുന്നു ജൂൺപാദത്തിൽ. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതവും (CAR) 13.06% എന്ന മെച്ചപ്പെട്ട നിരക്കിലാണുള്ളത്. കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ ഇത് 12.23 ശതമാനവും ഇക്കുറി ജൂൺപാദത്തിൽ 13.37 ശതമാനവുമായിരുന്നു.
പ്രവർത്തന മാർജിൻ (operating margin) അഥവാ പ്രവർത്തനക്ഷമതയുടെ നിലവാരത്തിന്റെ അളവുകോൽ 5.38 ശതമാനത്തിൽ നിന്ന് 8.70 ശതമാനത്തിലേക്ക് ഉയർന്നതും നേട്ടമാണ്.
അറ്റ ലാഭ മാർജിൻ (net profit margin) പക്ഷേ 7.07 ശതമാനമായിരുന്നത് കഴിഞ്ഞപാദത്തിൽ 6.78 ശതമാനമായി. അതേസമയം, ഇക്കഴിഞ്ഞ ജൂൺപാദത്തിൽ ഇത് രണ്ടും നെഗറ്റീവായിരുന്നിടത്തു നിന്നാണ് കഴിഞ്ഞപാദത്തിൽ മികച്ച നിലവാരത്തിലേക്ക് മെച്ചപ്പെട്ടത്.
കഴിഞ്ഞ 5 വർഷത്തിനിടെ നിക്ഷേപകർക്ക് 160 ശതമാനവും ഒരുവർഷത്തിനിടെ 28 ശതമാനവും നേട്ടം (return) ധനലക്ഷ്മി ബാങ്ക് ഓഹരികൾ സമ്മാനിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരിവില 2% കുറയുകയും ചെയ്തു.