തൃശൂർ: ധനലക്ഷ്മി ബാങ്കിന് 2023-24 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 28.30 കോടി രൂപയുടെ അറ്റ ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 26.43കോടി രൂപയുടെ അറ്റനഷ്ടമായിരുന്നു. 57.94കോടി രൂപയാണ് ബാങ്കിന്റെ ഒന്നാം പാദ പ്രവർത്തന ലാഭം.
മൊത്തം ബിസിനസ് 10.06ശതമാനം വാർഷിക വളർച്ച നേടി 21,300 കോടി രൂപയിൽ നിന്നും 23,442 കോടി രൂപയായി. മൊത്തം നിക്ഷേപം കഴിഞ്ഞ സാമ്പത്തികവർഷത്തെ ഇതേ കാലയളവിൽ 12,576 കോടി രൂപയായിരുന്നത് 13,402 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. 6.56 ശതമാനമാണ് വാർഷിക വളർച്ച.
റീട്ടെയിൽ നിക്ഷേപങ്ങളിൽ 7.40ശതമാനം വാർഷിക വളർച്ച കൈവരിക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. നിക്ഷേപത്തിന്റെ 31.65ശതമാനം കറന്റ്, സേവിംഗ്സ് ബാങ്ക് നിക്ഷേപമാണ്. മൊത്തം വായ്പയിൽ 15.08 ശതമാനം വർദ്ധന രേഖപ്പെടുത്തി 8724 കോടി രൂപയിൽ നിന്നും 10,040 കോടി രൂപയായി.
സ്വർണ പണയ വായ്പയിൽ 25.40ശതമാനം വാർഷിക വളർച്ച നേടി 1955 കോടി രൂപയിൽ നിന്നും 2451കോടി രൂപയായി. എസ് .എം ഇ വായ്പയിൽ 12.43ശതമാനമാണ് വാർഷിക വളർച്ച. ബാങ്കിന്റെ വായ്പാ നിക്ഷേപ അനുപാതം കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ 69.37 ശതമാനത്തിൽ നിന്നും ഈ സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 74.91 ശതമാനമായി ഉയർന്നിട്ടുണ്ട്.
മൊത്തം വരുമാനം 44.16 ശതമാനം വളർച്ച കൈവരിച്ച് 236.82 കോടി രൂപയിൽ നിന്നും 341.40 കോടി രൂപയായി ഉയർന്നു.
നിഷ്‌ക്രിയ ആസ്തി ഗണ്യമായി കുറയ്ക്കാൻ ഇക്കാലയളവിൽ ബാങ്കിനു കഴിഞ്ഞു. മൊത്തം നിഷ്‌ക്രിയ ആസ്തി വാർഷികാടിസ്ഥാനത്തിൽ 6.35 ശതമാനത്തിൽ നിന്ന് 5.21 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 2.69 ശതമാനത്തിൽ നിന്ന് 1.09 ശതമാനമായും കുറയ്ക്കുവാൻ ബാങ്കിന് കഴിഞ്ഞു.
നിഷ്‌ക്രിയ ആസ്തിയിലേക്കുള്ള നീക്കിയിരിപ്പ് തോത് 90.79 % ആണ്. ജൂൺ 30, 2023 പ്രകാരം ബാങ്ക് ഓഹരിയുടെ ബുക്ക് വാല്യു 39.53 രൂപയും മൊത്തം വിപണി മൂല്യം 437.20 കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ട്.
ഒന്നാം പാദഫലം ഏറെ പ്രോത്സാഹനമാണെന്നും ചെറുകിട വായ്പകളുടെ വളർച്ച ബാങ്കിന് വരും കാലയളവിൽ വളരെ വേഗം പുരോഗതി കൈവരിക്കാൻ സഹായകരമാകുമെന്നും മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ ജെ.കെ. ശിവൻ പറഞ്ഞു.
തുടർന്നും കറന്റ്, സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളിലും ചെറുകിട നിക്ഷേപങ്ങളിലും ചെറുകിട, എസ്.എം.ഇ വായ്പകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ധനലക്ഷ്മി ബാങ്കിന് 14 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തിലുമായി 255ബ്രാഞ്ചുകളും 273 എ.ടി.എമ്മുകളും 17 ബിസിനസ് കറസ്‌പോണ്ടന്റുമാരും ഉണ്ട്.