അഗ്രോകെമിക്കല്‍ കമ്പനിയായ ധര്‍മജ് ക്രോപ് ഗാര്‍ഡ് ഇന്നലെ 12 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ് ചെയ്‌തു. വിപണിയില്‍ ചാഞ്ചാട്ടം നിലനിന്നിട്ടും മികച്ച തുടക്കമാണ് ഈ ഓഹരിക്ക് ലഭിച്ചത്.
ഇന്നലെ ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലും 266 രൂപയ്‌ക്കാണ് ധര്‍മജ് ക്രോപ് ഗാര്‍ഡ് വ്യാപാരം ആരംഭിച്ചത്. 237 രൂപയായിരുന്നു ഇഷ്യു വില. ലിസ്റ്റിംഗിനു ശേഷം ഓഹരി വില 279 രൂപ വരെ ഉയര്‍ന്നു.
പൊതുവെ ഈ ഐപിഒയ്‌ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിച്ചത്. 35.5 മടങ്ങാണ് ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. നിക്ഷേപക സ്ഥാപനങ്ങള്‍ 48 മടങ്ങും സ്ഥാപന ഇതര നിക്ഷേപകര്‍ 53 മടങ്ങും ചെറുകിട നിക്ഷേപകര്‍ 21.5 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്‌തു.
251 കോടി രൂപയാണ് ധര്‍മജ് ക്രോപ് ഗാര്‍ഡ് ഐപിഒ വഴി സമാഹരിച്ചത്. 216 കോടി രൂപ പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിച്ചു. ഇതിന് പുറമെ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളുടെ വില്‍പ്പന വഴി 35.15 കോടി രൂപയും സമാഹരിച്ചു.
ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനി ഗുജറാത്തിലെ സായ്‌കയില്‍ ഒരു ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും വായ്‌പാ തിരിച്ചടവിനും വിനിയോഗിക്കും.
2015ല്‍ പ്രവര്‍ത്തനം ആരംഭിച്ച ധര്‍മജ് ക്രോപ് ഗാര്‍ഡ് വിവിധ തരം അഗ്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവുമാണ് നിര്‍വഹിക്കുന്നത്.
2019-20ല്‍ 1268.6 കോടി രൂപയായിരുന്ന ധര്‍മജ് ക്രോപ് ഗാര്‍ഡിന്റെ വരുമാനം 2021-22ല്‍ 1302.97 കോടി രൂപയായി വളര്‍ന്നു. വരുമാനത്തില്‍ 1.35 ശതമാനം ശരാശരി പ്രതിവര്‍ഷ വളര്‍ച്ചയാണ് ഇക്കാലയളവിലുണ്ടായത്.
2019-20 മുതല്‍ 2021-22 വരെ കമ്പനി 41.06 ശതമാനം പ്രതിവര്‍ഷ വരുമാന വളര്‍ച്ചയാണ് കൈവരിച്ചത്. 2019-20ല്‍ 199.17 കോടി രൂപയായിരുന്ന വരുമാനം 2020-21ല്‍ 396.29 കോടി രൂപയായി വളര്‍ന്നു.
ഇക്കാലയളവില്‍ ലാഭം 10.76 കോടി രൂപയില്‍ നിന്നും 28.69 കോടി രൂപയായി വളര്‍ച്ച പ്രാപിച്ചു.