ഡൽഹി: കമ്പനിയുടെ സംഭരണ ശേഷി, തൊഴിൽ ശക്തി, സുസ്ഥിരത സംരംഭങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 500-മില്യൺ യൂറോ (ഏകദേശം 4,000 കോടി രൂപ) നിക്ഷേപിക്കുമെന്ന് ഡിഎച്ച്എൽ സപ്ലൈ ചെയിൻ അറിയിച്ചു. ഒരു പ്രമുഖ കരാർ ലോജിസ്റ്റിക്സ് ദാതാവാണ് ഡിഎച്ച്എൽ സപ്ലൈ ചെയിൻ.
ഈ വിപുലീകരണത്തോടെ ഡിഎച്ച്എൽ സപ്ലൈ ചെയിൻ അതിന്റെ നിലവിലുള്ള പോർട്ട്‌ഫോളിയോയിൽ 12 ദശലക്ഷം ചതുരശ്ര അടി വെയർഹൗസിംഗ് ഇടം കൂട്ടിച്ചേർക്കും. കൂടാതെ 2026 ഓടെ അതിന്റെ മൊത്തം ശേഷി ഏകദേശം 22 ദശലക്ഷം ചതുരശ്ര അടിയായി ഉയർത്താൻ കമ്പനി ലക്ഷ്യമിടുന്നതായി ഡിഎച്ച്എൽ സപ്ലൈ ചെയിൻ അറിയിച്ചു.
ബാംഗ്ലൂർ, ചെന്നൈ, കൊൽക്കത്ത, മുംബൈ, എൻസിആർ, പൂനെ തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളിലെ കമ്പനിയുടെ മൾട്ടി-ക്ലയന്റ് സൈറ്റുകളിലാണ് ഈ 12 ദശലക്ഷം ചതുരശ്ര അടി കപ്പാസിറ്റി കൂട്ടിച്ചേർക്കുന്നത്. മാത്രമല്ല, അതിവേഗം വളരുന്ന സംസ്ഥാന തലസ്ഥാനങ്ങളിലും ടയർ-2 നഗരങ്ങളായ കൊച്ചി, കോയമ്പത്തൂർ, ഗുവാഹത്തി, സാനന്ദ്, ഇൻഡോർ, ലഖ്‌നൗ, ഭുവനേശ്വർ, ഹൊസൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലും മൾട്ടി-ക്ലയന്റ് സൈറ്റുകൾ നിർമ്മിക്കാൻ കമ്പനി പദ്ധതിയിടുന്നു.
2026 ഓടെ ഇന്ത്യയിലെ അതിന്റെ തൊഴിലാളികളുടെ എണ്ണം 25,000 ആക്കി ഇരട്ടിയാക്കാനും. 2025 ഓടെ മുഴുവൻ വാഹനങ്ങളും ഇലക്ട്രിക്ക് ആക്കാനും സ്ഥാപനം ഉദ്ദേശിക്കുന്നു. ജർമ്മനിയിലെ ഡിപിഡിഎച്ച്എൽ ഗ്രൂപ്പിന്റെ ഭാഗമാണ് ഡിഎച്ച്എൽ സപ്ലൈ ചെയിൻ.
കൂടാതെ ഉപഭോക്തൃ ആവശ്യത്തെ പിന്തുണയ്ക്കുന്നതിനായി അടുത്ത 12-18 മാസത്തിനുള്ളിൽ ബാംഗ്ലൂരിലും പൂനെയിലും രണ്ട് പുതിയ ബിസിനസ് സപ്പോർട്ട് സെന്ററുകളും (ബിഎസ്‌സി) തുറക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിൽ, മുംബൈ, ഗുഡ്ഗാവ്, ചെന്നൈ എന്നിവിടങ്ങളിൽ അത്തരം മൂന്ന് 24X7 കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.