ലോകത്തെ ഒന്നാംനിര സമ്പന്നരിൽ മുമ്പനെന്നതിലുപരി വ്യത്യസ്തമായ ബിസിനസ് ആശയങ്ങൾ വഴിയും, വിവാദപരമായ പരാമർശങ്ങൾ വഴിയുമെല്ലാം ശ്രദ്ധേയനായ വ്യക്തിയാണ് ഇലോൺ മസ്‌ക്. ലോകോത്തര വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ സാരഥി എന്ന നിലയിലും അദ്ദേഹം പ്രശസ്തനാണ്.
ടെസ്‌ലയുടെ നേതൃത്വത്തിൽ നിന്നും ഇലോൺ മസ്‌ക് പടിയിറങ്ങാൻ സാധ്യതയുണ്ടെന്നാണു പുതിയ വാർത്തകൾ. ടെസ്‌ലയിൽ തുടരുന്നതിനായി അദ്ദേഹം ആവശ്യപ്പെട്ട ഭീമമായ ശമ്പളം സംബന്ധിച്ച തർക്കമാണ് ഈ തീരുമാനത്തിന് കാരണം.
ജൂൺ 13ലെ ടെസ്‌ല ഷെയർഹോൾഡേഴ്‌സ് മീറ്റിംഗിൽ ഓഹരി ഉടമകൾ തൻ്റെ 56 ബില്യൺ ഡോളറിൻ്റെ ശമ്പള പാക്കേജിനെതിരെ വോട്ട് ചെയ്താൽ സിഇഒ എലോൺ മസ്‌ക് കമ്പനി വിടുമെന്ന് ഇലക്ട്രിക് വാഹന നിർമ്മാതാവിൻ്റെ ചെയർപേഴ്‌സൺ റോബിൻ ഡെൻഹോം പറഞ്ഞു.
“എലോൺ ഒരു സാധാരണ എക്‌സിക്യൂട്ടീവല്ല, ടെസ്‌ല ഒരു സാധാരണ കമ്പനിയുമല്ല. അതിനാൽ തന്നെ മറ്റു കമ്പനികൾ സ്വന്തം എക്സിക്യൂട്ടീവുകൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ മാത്രം ടെസ്‌ലയുടെ സാരഥിക്ക് ലഭിച്ചാൽ മതിയാകില്ല.
കമ്പനിയിൽ തുടരുന്നതിന്, എലോണിനെപ്പോലെ ഒരാളെ പ്രചോദിപ്പിക്കുന്നതിന് വ്യത്യസ്തമായ എന്തെങ്കിലും ആവശ്യമാണ്. അദ്ദേഹം ആവശ്യപ്പെട്ട ശമ്പളം നൽകുവാൻ അനുകൂലമാം വിധം ഓഹരി ഉടമകൾ വോട്ട് ചെയ്‌താൽ, അത് കമ്പനിയുടെ നീതി, ബഹുമാനം എന്നിവയുടെ കൂടി അംഗീകാരമാകും.
ഷെയർഹോൾഡർമാർ ശമ്പള പാക്കേജ് നിരസിച്ചാൽ, മസ്‌ക് തൻ്റെ കഴിവുകൾ, മറ്റെവിടെയെങ്കിലും വിനിയോഗിക്കുമെന്നും റോബിൻ അറിയിച്ചു.
ഈ ഗ്രഹത്തിലെ തന്നെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളായത് കൊണ്ട് തന്നെ ഇലോൺ, ഈ ആവശ്യം പണത്തിനു വേണ്ടിയല്ല മുന്നോട്ടു വെയ്ക്കുന്നതെന്നും റോബിൻ സ്വന്തം കത്തിൽ വ്യക്തമാക്കി.
അദ്ദേഹത്തിന് കമ്പനിയിൽ തുടരാൻ താല്പര്യമുണ്ടാകുന്ന എന്തെങ്കിലും ഘടകം ഉണ്ടാകാത്ത പക്ഷം, തങ്ങൾ കരാറിൽ നിന്നും പിന്മാറുമെന്നും കത്തിലുണ്ട്.