
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മാനദണ്ഡങ്ങള്‍ നടപ്പിലാക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണെന്നിരിക്കെ, ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കയാണ് ഡിജിറ്റല്‍ വായ്പാ ഫിന്‍ടെക്കുകള്‍. മാത്രമല്ല, വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താനും ശ്രമിക്കുന്നു. ‘സാങ്കേതിക മാറ്റങ്ങള്‍, പ്രക്രിയാ മാറ്റങ്ങള്‍ തുടങ്ങിയ എല്ലാ ജോലികളും പൂര്‍ത്തിയാക്കിയെന്ന് ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റ് (ഫെയ്‌സ്) സിഇഒ സുഗന്ധ് സക്‌സേന പറഞ്ഞു.
യൂബി, യൂണി, ക്രെഡിറ്റ്ബീ തുടങ്ങിയ ഫിന്‍ടെക്കുകള്‍ അംഗങ്ങളായ സംഘടനയാണ് ഫെയ്‌സ്. ഈവര്‍ഷം ഓഗസ്റ്റിലാണ് ഫിന്‍ടെക്കുകള്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ പുറത്തിറക്കിയത്. ഇത് പ്രകാരം, വായ്പാ പങ്കാളിയായ ബാങ്കിന്റെയോ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയുടെയോ (എന്‍ബിഎഫ്‌സി) ബാങ്ക് അക്കൗണ്ടുകളിലൂടെയും ഉപഭോക്തൃ ബാങ്ക് അക്കൗണ്ടുകളിലൂടെയും മാത്രമേ വായ്പാ വിതരണവും തിരിച്ചടവുകളും നടത്താന്‍ പാടൂ.
മൂന്നാം കക്ഷിയുടെ ഇടപെടല്‍ പൂര്‍ണ്ണമായും ഇല്ലാതായി. പ്രീ പെയ്ഡ് കാര്‍ഡുകളിലേയ്ക്ക് വായ്പകള്‍ വിതരണം ചെയ്യുന്ന സ്ലൈസ്, യൂണി തുടങ്ങിയ കമ്പനികള്‍ ഇപ്പോള്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് വായ്പകള്‍ നേരിട്ട് വിതരണം ചെയ്യുകയാണ്. പ്രീപെയ്ഡ് കാര്‍ഡ് ബെറ്റിന് പകരമായി ഒരു കോബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡും യൂണി അവതരിപ്പിച്ചു.
വായ്പാ പങ്കാളികളുടെ അക്കൗണ്ടിലേയ്ക്ക് ക്രെഡിറ്റ് ചെയ്യുന്നതിന് മുന്‍പ്, തിരിച്ചടവ് പൂള്‍ ചെയ്തിരുന്ന മറ്റ് ഫിന്‍ടെക്കുകളും അവരുടെ കരാറുകള്‍ അപ്‌ഡേറ്റ് ചെയ്യുകയും പ്രക്രിയകളില്‍ മാറ്റം വരുത്തുകയും ചെയ്തു.കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 8 മടങ്ങ് വരെ വളര്‍ച്ച കൈവരിക്കാന്‍ ഒക്ടോബര്‍ ഉത്സവസീസണില്‍ സാധിച്ചതായി ഫിന്‍ടെക് ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോമുകള്‍ അറിയിച്ചിരുന്നു. എന്നിരുന്നാലും, പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ ഓണ്‍ബോര്‍ഡിംഗ് താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.
മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്ന ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തിലെ (രണ്ടാം പാദം) ഫെയ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, വിതരണം ചെയ്ത വായ്പകളുടെ മൂല്യം 14,016 കോടി രൂപയാണ്.. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 4,435 കോടി രൂപയായിരുന്നു വിതരണം ചെയ്തിരുന്നത്. 216 ശതമാനം ഉയര്‍ച്ച.
വിതരണം ചെയ്ത വായ്പകളുടെ എണ്ണം ഈ വര്‍ഷം 1.62 കോടിയായും വര്‍ദ്ധിച്ചു. രണ്ടാം പാദത്തിലെ എണ്ണം 65.56 ലക്ഷമായിരുന്നു. 149 ശതമാനമാണ് വര്‍ദ്ധനവ് തോത്.
ഫെയ്‌സിന്റെ 21 അംഗങ്ങള്‍ അവരുടെ സ്വന്തം ബാലന്‍സ് ഷീറ്റിലൂടെ നേരിട്ട് നല്‍കുന്ന വായ്പയും വായ്പാ പങ്കാളികളുമായി പ്രവര്‍ത്തിക്കുന്ന ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിലുള്ള വായ്പയും അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. ഫിന്‍ടെക്കുകളുടെ ചെലവ് വര്‍ധിക്കുകയാണെന്നും അത് ഉപഭോക്താക്കളിലേയ്ക്ക് കൈമാറാന്‍ കമ്പനികള്‍ ഒരുങ്ങുകയാണെന്നും യുബി ചീഫ് ബിസിനസ് ഓഫീസര്‍, ഇര്‍ഫാന്‍ മുഹമ്മദ് പറയുന്നുണ്ട്. സൗകര്യവും ഉപയുക്തതയും കാരണമാണ് ഡിജിറ്റല്‍ വായ്പാ ഫിന്‍ടെക്കുകളിലേയ്ക്ക് ജനങ്ങള്‍ തിരിഞ്ഞത്.
അല്ലാത്ത പക്ഷം വന്‍ തുക പലിശ വാങ്ങിക്കുന്ന, വമ്പന്‍ സ്രാവുകളുടെ ഇരകളായി ഇവര്‍ മാറുമായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞു.