
ന്യൂഡല്‍ഹി: റിക്കവറി എജന്റുമാരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ഡിജിറ്റല്‍ വായ്പദാതാക്കള്‍ തയ്യാറാകണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). റിക്കവറിയ്ക്കായി എത്തുന്നതിന് മുന്‍പ് ഏജന്റുമാരുടെ വിവരങ്ങള്‍ എസ്എംഎസ് വഴിയോ ഇ-മെയില്‍ വഴിയോ അറിയിച്ചിരിക്കണം. വായ്പ തിരിച്ചുപിടിക്കാന്‍ ഏജന്റുമാര്‍ നിയമവിരുദ്ധമാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
ആര്‍ബിഐ പറയുന്നതനുസരിച്ച്, വായ്പ തിരിച്ചുപിടിക്കാനായി, അത്യാവശ്യമാണെങ്കില്‍, വായ്പാദാതാക്കള്‍ക്ക് റിക്കവറി ഏജന്റുമാരെ ചുമതലപ്പെടുത്താം. ഇത്തരത്തില്‍ നിയുക്തരായ ആര്‍ഇകള്‍ക്ക് വായ്പയെടുത്തയാളെ നേരിട്ട് സന്ദര്‍ശിക്കാവുന്നതാണ്. എന്നാല്‍ കൈപറ്റിയ തുക ഉടന്‍, കടം വാങ്ങിയ ആളുടെ അക്കൗണ്ടില്‍ പ്രതിഫലിച്ചിരിക്കണം.
ഫ്‌ലോട്ടിംഗ് പലിശനിരക്കിന്റെ കാര്യത്തില്‍ മാറ്റംവരുന്ന നിരക്കുകള്‍ കടം വാങ്ങിയ ആളെ അറിയിക്കണം. മാത്രമല്ല, ഏജന്റുമാര്‍ വായ്പാ ദാതാക്കള്‍ക്ക് നല്‍കാനുള്ള തുക (ഫീസ്, ചാര്‍ജ് തുടങ്ങിയവ) വായ്പയെടുത്തയാളില്‍ നിന്നും ഈടാക്കാവുന്നതല്ല.