കൊച്ചി: സ്വകാര്യ ഇക്വിറ്റി പ്രമുഖരായ ടിപിജിയുടെ റൈസ് ഫണ്ടും നോർവെസ്റ്റ് വെഞ്ച്വർ പാർട്‌ണേഴ്‌സും ചേർന്ന് നയിച്ച ഫണ്ടിംഗ് റൗണ്ടിൽ 110 മില്യൺ ഡോളർ (ഏകദേശം 878.8 കോടി രൂപ) സമാഹരിച്ച് ഡിജിറ്റൽ ലെൻഡിംഗ് ഫിൻടെക്കായ എർളി സാലറി. സ്റ്റാർട്ടപ്പിന്റെ നിലവിലുള്ള നിക്ഷേപകനായ പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു.
പൂനെ ആസ്ഥാനമായുള്ള കമ്പനി അവരുടെ ലോൺ ബുക്ക് ത്വരിതപ്പെടുത്തുന്നതിനും 150 നഗരങ്ങളിലേക്ക് സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും കൂടുതൽ നിയമനങ്ങൾ നടത്തുന്നതിനും ഈ നിക്ഷേപം ഉപയോഗിക്കാൻ പദ്ധതിയിടുന്നു. കൂടാതെ അതിന്റെ ബൈ-നൗ-പേ-ലേറ്റർ (ബിഎൻപിഎൽ) ബിസിനസിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനും കമ്പനി ഉദ്ദേശിക്കുന്നു. ഈ നിക്ഷേപത്തോടെ സ്റ്റാർട്ടപ്പിന്റെ നിലവിലെ മൂല്യം ഏകദേശം 300 മില്യൺ ഡോളറായി ഉയർന്നു.
ആശിഷ് ഗോയലും മെഹ്‌റോത്രയും ചേർന്ന് 2015-ൽ സ്ഥാപിച്ച എർളി സാലറി, പ്രതിവർഷം 1.5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ശമ്പളമുള്ള വ്യക്തികൾക്ക് തൽക്ഷണ വായ്പ സൗകര്യം വാഗ്ദാനം ചെയുന്നു. പ്ലാറ്റ്‌ഫോമിലെ ഈ ലോണുകളുടെ കാലാവധി മൂന്ന് മുതൽ 24 മാസം വരെയാണ്.
ഈ വർഷം ഫെബ്രുവരിയിൽ ഹെൽത്ത് ഫിനാൻസിംഗ് പ്ലാറ്റ്‌ഫോമായ ഹെൽത്ത്ഫിനിനെ ഏറ്റെടുത്തതിലൂടെ കമ്പനി ഹെൽത്ത് കെയർ ബിഎൻപിഎൽ വിഭാഗത്തിലേക്ക് പ്രവേശിച്ചിരുന്നു. നിലവിൽ സ്ഥാപനം പ്രതിമാസം 350 കോടിയോളം രൂപ വായ്പയായി വിതരണം ചെയ്യുന്നു, അടുത്ത 12 മാസത്തിനുള്ളിൽ ഇത് 1000 കോടി രൂപയായി ഉയർത്താൻ എർളി സാലറി ലക്ഷ്യമിടുന്നു.