Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

FII വിൽക്കുമ്പോൾ DII വാങ്ങുന്നു; വിപണിയിലെ ഈ വടംവലിയിൽ ആര് ജയിക്കും?

ഭ്യന്തര ഓഹരി വിപണിയുടെ അഭിവാജ്യ ഘടകങ്ങളും വൻകിട സ്ഥാപന നിക്ഷേപകരുമാണ് ഫോറിൻ ഇൻസ്റ്റിട്യൂഷണൽ ഇൻവെസ്റ്റേഴ്സ് അഥവാ എഫ്ഐഐയും ഡൊമസ്റ്റിക് ഇൻസ്റ്റിട്യൂഷണൽ ഇൻവെസ്റ്റേർസ് അഥവാ ഡിഐഐയും.

ഇന്ത്യയ്ക്ക് പുറത്ത് കേന്ദ്ര ഓഫീസ് പ്രവർത്തിക്കുന്ന വിദേശ നിക്ഷേപക സ്ഥാപനങ്ങളെയാണ് എഫ്ഐഐ എന്നു വിശേഷിപ്പിക്കുന്നത്. അതേസമയം മ്യൂച്ചൽ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ പോലെയുള്ളതും രാജ്യത്ത് കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്നതുമായ വൻകിട ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളെയാണ് ഡിഐഐ എന്നും കണക്കാക്കുന്നത്.

ചുരുക്കത്തിൽ ആഭ്യന്തര ഓഹരി വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരാണ് എഫ്ഐഐയും ഡിഐഐയും. അതേസമയം കഴിഞ്ഞ ഏതാനും മാസങ്ങളായി വിദേശ നിക്ഷേപക സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിന്നും ഓഹരികൾ വിറ്റൊഴിവാക്കി പണം പിൻവലിക്കുകയാണ്.

എന്നാൽ മറുവശത്ത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളാകട്ടെ സധൈര്യം സഹസ്ര കോടിക്കണക്കിന് രൂപയാണ് ഇന്ത്യൻ വിപണിയിലേക്ക് ഒഴുക്കുന്നത്. കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ഇങ്ങോട്ടുള്ള കാലയളവിനിടെ ഇന്ത്യൻ വിപണിയിൽ നിന്നും എഫ്ഐഐ പിൻവലിച്ചത് 2,350 കോടി ഡോളർ ആണ്. ഏകദേശം രണ്ട് ലക്ഷം കോടിയിലധികം രൂപ.

ഇത്രയധികം വലിയ തുക ചുരുങ്ങിയ കാലയളവിനുള്ളിൽ പിൻവലിച്ചിട്ടും ഇന്ത്യൻ വിപണി തകരാതിരുന്നതിനു കാരണം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളാണ്. സമാന കാലയളവിനിടയിൽ ഡിഐഐ വാങ്ങിക്കൂട്ടിയത് 2,870 കോടി ഡോളർ ആണ്.

ഏകദേശം 2.50 ലക്ഷം കോടി രൂപ. 2025 ജനുവരിയിൽ മാത്രം എഫ്ഐഐ ഏകദേശം 50,000 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിവാക്കിയപ്പോൾ, ഡിഐഐ വാങ്ങിക്കൂട്ടിയത് ഏകദേശം 57,000 കോടി രൂപയുടെ ഓഹരികളാകുന്നു. ചുരുക്കത്തിൽ രണ്ട് കൂട്ടരും തമ്മിൽ ഇന്ത്യൻ ഓഹരി വിപണിയിലുള്ള വടംവലി രൂക്ഷമായി തുടരുകയാണെന്ന് സാരം.

എന്താണ് വിഭിന്ന നിലപാടിന് കാരണം?
പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ കൊട്ടക് ഇൻസ്റ്റിട്യൂഷണൽ ഇക്വിറ്റീസ് പുറത്തിറക്കിയൊരു റിസർച്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഓഹരികളുടെ മൂല്യമതിപ്പ് അധികരിച്ചു നിൽക്കുകയാണ് അഥവാ വാല്യൂവേഷൻ എക്സ്പെൻസീവ് ആണെന്ന നിലപാടാണ് ഇപ്പോഴും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിൽപ്പനയ്ക്കുള്ള മുഖ്യ കാരണമെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ധനകാര്യ വിഭാഗം ഓഹരികളുടെ വാല്യൂവേഷൻ മാത്രം കോവിഡ് കാലഘട്ടത്തിന് മുൻപുള്ള നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. അതുപോലെ ട്രംപിന്റെ മടങ്ങിവരവിനെ തുടർന്ന് യുഎസും ചൈനയും തമ്മിൽ വ്യാപാര യുദ്ധം സംഭവിക്കുമോ എന്ന ആശങ്കയും അമേരിക്കയുടെ സാമ്പത്തിക താത്പര്യങ്ങൾ മുൻതൂക്കം നൽകുന്ന ഭരണ നയങ്ങളും ഇന്ത്യയിൽ നിന്നും പിൻവലിയാൻ എഫ്ഐഐയെ പ്രേരിപ്പിക്കുന്നുണ്ട്.

അതേസമയം ഹ്രസ്വകാല നേട്ടങ്ങൾക്ക് പകരം ഇന്ത്യൻ ഓഹരി വിപണിയുടെ ദീർഘകാല സാധ്യതകളിൽ ഊന്നിക്കൊണ്ടുള്ള നിക്ഷേപ തന്ത്രത്തിലാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ‌ നിലകൊള്ളുന്നത്. പ്രതിമാസം ഇക്വിറ്റി മ്യൂച്ചൽ ഫണ്ടിലേക്ക് ഒഴുകിയെത്തുന്ന സഹസ്രകോടികൾ ഇതിന് പിൻബലമേകുന്നു.

എന്നിരുന്നാലും സമീപ കാലയളവിനിടെ ഓഹരി വിപണിയിൽ നേരിടുന്ന കടുത്ത ചാഞ്ചാട്ടവും ആദായത്തിലുണ്ടാകുന്ന ശോഷണവും വിപണി മൂല്യത്തിലെ ഇടിവും ഓഹരിയുടെ തിരുത്തലും ഒക്കെ ആഭ്യന്തര റീട്ടെയിൽ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ പ്രതികൂലമായി സ്വാധീനിക്കാവുന്നതാണ്.

ഇത്തരത്തിൽ റീട്ടെയിൽ നിക്ഷേപകരിൽ നിന്നും വരുന്ന ഫണ്ട് കുറയുകയാണെങ്കിൽ ഡിഐഐ ആശ്രയിക്കുന്ന ലിക്വിഡിറ്റിയെ ബാധിക്കാമെന്നും കൊട്ടക് ഇൻസ്റ്റിട്യൂഷണൽ ഇക്വീറ്റീസിന്റെ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

വിപണിയിൽ ഇനിയെന്ത്?
കഴിഞ്ഞ ഒരു വർഷത്തോളമായി എഫ്ഐഐയും ഡിഐഐയും തമ്മിൽ തുടരുന്ന ശക്തമായ വടംവലിയിൽ ആരാണോ ആദ്യം നിലപാട് മാറ്റുന്നതിനെ ആശ്രയിച്ചായിരിക്കും ആഭ്യന്തര ഓഹരി വിപണിയുടെ ഭാവി ഭാഗധേയവും നിശ്ചയിക്കപ്പെടുക.

ഇന്ത്യൻ ഓഹരികളുടെ വാല്യൂവേഷൻ സംബന്ധിച്ച ആശങ്കകൾ മാറുകയോ അല്ലെങ്കിൽ വികസ്വര വിപണികളിൽ നിന്നുള്ള ആദായം മെച്ചപ്പെടുമെന്ന് തോന്നിയാലോ എഫ്ഐഐയുടെ ഭാഗത്തു നിന്നുള്ള വിൽപ്പനയുടെ കാഠിന്യം കുറയാം. അത് വിപണിക്ക് ആശ്വാസകരമാകും.

അതേസമയം വിപണിയിലെ തിരുത്തൽ കാരണമോ ആദായത്തിലെ ഇടിവോ മൂലം റീട്ടെയിൽ നിക്ഷേപകരുടെ ഉത്സാഹം കെട്ടുപോയാൽ ഡിഐഐയ്ക്ക് മുകളിൽ സമ്മർദം വരികയും ഇപ്പോഴത്തെ പോലെ വിപിണിയിലേക്ക് കോടികളൊഴുക്കാൻ പ്രയാസവും നേരിടാം.

അങ്ങനെയെങ്കിൽ വിപണിയിൽ തിരുത്തൽ തുടരാനാണ് സാധ്യത. എന്തായാലും വിൽപ്പനക്കാരുടെ റോളിലുള്ള എഫ്ഐഐയും ആത്മവിശ്വാസത്തോടെ വാങ്ങുന്ന ഡിഐഐയും തമ്മിലുള്ള പോരാട്ടം വിപണിയെ ചലനാത്മകമാക്കുകയാണെന്ന് കൊട്ടക് ഇൻസ്റ്റിട്യൂഷണൽ ഇക്വിറ്റീസിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

X
Top