മുംബൈ: 2024ലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങ (ഡിഐഐ)ളുടെ ഓഹരി വിപണിയിലെ നിക്ഷേപം ഇതുവരെ നാല് ലക്ഷം കോടി രൂപ കവിഞ്ഞു. ഒരു വര്‍ഷം ഇതാദ്യമായാണ് ഇത്രയും നിക്ഷേപം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തുന്നത്.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന തുടരുമ്പോഴാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍നിക്ഷേപം നടത്തുന്നത്. ഒക്ടോബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇതുവരെയായി ഏകദേശം 68,000 കോടി രൂപയുടെ അറ്റവില്‍പ്പനയാണ് നടത്തിയത്.
ഈ വര്‍ഷം ആദ്യത്തെ ലക്ഷം കോടി രൂപയുടെ നിക്ഷേപം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 57 വ്യാപാര ദിനങ്ങള്‍ കൊണ്ടാണ് നടത്തിയത്. രണ്ടാമത്തെ ലക്ഷം കോടി 40 വ്യാപാര ദിനങ്ങളിലും മൂന്നാമത്തെ ലക്ഷം കോടി 60 വ്യാപാര ദിനങ്ങളിലുമായി നിക്ഷേപിച്ചു.
അതേ സമയം നാലാമത്തെ ലക്ഷം കോടി രൂപ നിക്ഷേപിക്കാന്‍ 31 വ്യാപാര ദിനങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
ചൈനയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപം വര്‍ധിപ്പിച്ചത് ഇന്ത്യന്‍ വിപണിയിലെ വില്‍പ്പനയ്‌ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ചൈനീസ് സര്‍ക്കാര്‍ ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് അവിടുത്തെ ചെലവ് കുറഞ്ഞ ഓഹരികള്‍ വാങ്ങുന്നതിന് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് പ്രേരണയായി.
സെപ്‌റ്റംബറില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത് 57,724 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. 2024ല്‍ ഒരു മാസം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് സെപ്‌റ്റംബറിലുണ്ടായത്.