മുംബൈ: വിപണിയില്‍ കുതിപ്പ് പ്രകടമായെങ്കിലും കഴിഞ്ഞ എട്ട് സെഷനുകളില്‍ ആഭ്യന്തര നിക്ഷേപകര്‍ അറ്റ വില്‍പനക്കാരായി. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എന്‍എസ്ഇ) കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 20 മുതല്‍ ഇന്നുവരെ 5,541.83 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യന്‍ സ്ഥാപന നിക്ഷേപകര്‍ (ഡൊമസ്റ്റിക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റേഴ്‌സ്) വില്‍പന നടത്തിയത്. സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തില്‍ വ്യാപാരം നടത്തുന്നതിനിടയിലാണ് ഈ വില്‍പ്പന.
കഴിഞ്ഞ 15 സെഷനുകളില്‍, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 6 ശതമാനത്തിലധികം ഉയര്‍ന്നു. സെന്‍സെക്‌സ് 61,000 പോയിന്റും നിഫ്റ്റി 18,000 പോയിന്റും ഭേദിക്കുകയായിരുന്നു. 2022 ജൂണിനുശേഷം, ഡിഐഐകള്‍ വാങ്ങല്‍ കുറയ്ക്കുകയാണ്. ജനുവരി ആരംഭം മുതല്‍ ജൂണ്‍ വരെ അവര്‍ ഓരോ മാസവും ശരാശരി 35,000 കോടി രൂപയ്ക്ക് വാങ്ങല്‍ നടത്തി.
പിന്നീട് ജൂലൈയില്‍ 10,500 കോടി രൂപ വിപണിയില്‍ ചെലവഴിച്ചപ്പോള്‍ ഓഗസ്റ്റില്‍ 6,900 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിക്കുകയാണ് ചെയ്തത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ യഥാക്രമം 14,000 കോടിയുടേയും 9,200 കോടിയുടേയും അറ്റ വാങ്ങല്‍കാരായെങ്കിലും കഴിഞ്ഞ എട്ട് സെഷനുകളില്‍ പണം പിന്‍വലിച്ചു. എഫ്പിഐ (വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപര്‍)കള്‍ക്ക് നേര്‍ വിപരീതമാണ് ഡിഐഐകളുടെ വിപണി നടപടികള്‍.
എഫ്‌ഐഐകള്‍ വില്‍പ്പനക്കാരായിരുന്നപ്പോള്‍ അവര്‍ വാങ്ങുന്നവരും വാങ്ങുന്നവരായി മാറിയപ്പോള്‍ അവര്‍ വില്‍പ്പനക്കാരുമാവുന്നു. കഴിഞ്ഞ ഏഴ് സെഷനുകളില്‍ 2.52 ബില്യണ്‍ ഡോളറാണ് എഫ്പിഐകള്‍ വിപണിയിലേയ്ക്ക് ഒഴുക്കിയത്. അതേസമയം അടുത്ത വീഴ്ചയില്‍ വിന്യസിക്കാന്‍ ഡിഐഐകള്‍ ലാഭം ബുക്ക് ചെയ്യുകയാണെന്നും നിരീക്ഷണമുണ്ട്.