
ന്യൂഡല്‍ഹി: കേന്ദ്രബാങ്കുകളുടെ നിരക്ക് വര്‍ധനവ് കാരണം വിപണി കൂപ്പുകുത്തിയ കഴിഞ്ഞ ദിവസങ്ങളില്‍ ഡിഐഐകള്‍ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) അറ്റ വാങ്ങല്‍കാരായി. കഴിഞ്ഞ ഏഴ് സെഷനുകളിലായി 10,000 കോടി രൂപയുടെ ഓഹരികളാണ് ഡിഐഐകള്‍ വാങ്ങിയത്.
ഓഗസ്റ്റിലും സെപ്റ്റംബര്‍ ആദ്യ പകുതിയിലും അവര്‍ അറ്റ വില്‍പ്പനക്കാരായിരുന്നു. ഓഗസ്റ്റില്‍ ഡിഐഐകള്‍ 6,932 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ സെപ്തംബര്‍ ആദ്യ പകുതിയില്‍ 3,100 കോടി രൂപയുടെ നിക്ഷേപമാണ് പിന്‍വലിക്കപ്പെട്ടത്. കഴിഞ്ഞ 12 സെഷനുകളില്‍ ഒമ്പതിലും ഇന്ത്യന്‍ വിപണികള്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
സെപ്തംബര്‍ 13 മുതല്‍ സെന്‍സെക്‌സും നിഫ്റ്റിയും 6.3 ശതമാനം വീതം നഷ്ടം നേരിട്ടു. ഈ കാലയളവില്‍ സെന്‍സെക്‌സ് 3,765 പോയിന്റ് ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 1,136 പോയിന്റ് കുറഞ്ഞു. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ വിലകുറഞ്ഞ ഓഹരികള്‍ നേടുകയാണെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ചെറുകിട വിഭാഗം ഗവേഷണ തലവന്‍ ദീപക് ജസാനി പറയുന്നു.
വിപണി ഉയരുന്ന പക്ഷം വില്‍പന നടത്തി ആദായം നേടുകയാണ് ലക്ഷ്യം. അതേസമയം ഇടിവ് തുടരുന്ന പക്ഷം അവര്‍ നിക്ഷേപം കുറയ്ക്കാനാണ് സാധ്യത. പിന്നീടുള്ള നിക്ഷേപത്തിനായി ഫണ്ട് മാറ്റിവയ്ക്കും.
വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായ അഞ്ചാം സെഷനിലും അറ്റ വില്‍പ്പനക്കാരായി തുടരുകയാണ്. ഏകദേശം 1.51 ബില്യണ്‍ ഡോളറാണ് ഈ ദിവസങ്ങളില്‍ അവര്‍ പിന്‍വലിച്ചത്. ഡോളര്‍ ഉയരുന്നതിനിടെ വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുമെന്ന് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.