
മുംബൈ: ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ‘ഡിസ്‌കാർഡ് റിട്ടേൺ’ ഓപ്ഷൻ കൂടി ഏർപ്പെടുത്തിയിരിക്കുകയാണ്. നികുതിദായകർക്ക് അവരുടെ ആദായനികുതി റിട്ടേണിലെ (ഐടിആർ) പിശകുകൾ തിരുത്താനും പുതിയ റിട്ടേൺ ഫയൽ ചെയ്യാനും വേണ്ടിയാണ് പുതിയ ലിങ്ക്.
ഇൻകം ടാക്‌സ് ഇ-ഫയലിംഗ് പോർട്ടലിലൂടെ, നികുതിദായകർക്ക് അവരുടെ അപ്‌ലോഡ് ചെയ്ത ഐടിആറുകൾ പരിശോധിച്ചുറപ്പിക്കുന്നതിന് മുമ്പ് ഒഴിവാക്കാനും തുടർന്ന് പുതുക്കിയ ഐടിആർ ഫയൽ ചെയ്യാനും ഇതിലൂടെ സാധിക്കും. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കാനുള്ള ശ്രമമാണിത്.
മുമ്പ്, നികുതിദായകൻ ആദ്യം സമർപ്പിച്ച റിട്ടേണുകളിൽ തെറ്റുണ്ടെങ്കിൽ പുതുക്കിയ ഐടിആറുകൾ ഫയൽ ചെയ്യണമായിരുന്നു. എന്തെങ്കിലും പിഴവുകളോ വീഴ്ചകളോ കണ്ടെത്തുമ്പോൾ പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യുന്നത് ഒഴിവാക്കാൻ പുതിയ ഓപ്ഷൻ സഹായിക്കുന്നു.
ഐടിആർ ഉപയോക്താവ് ഒരിക്കൽ ഡിസ്‌കാർഡ് റിട്ടേൺ ക്ലിക്ക് ചെയ്താൽ, അത് പഴയ പടിയാക്കാനാകില്ല.
നിശ്ചിത തീയതി അവസാനിച്ച് ഉപയോക്താവ് ഡിസ്കാർഡ് ചെയ്താൽ, അവർ ‘വൈകിയുള്ള റിട്ടേൺ’ ഫയൽ ചെയ്യേണ്ടി വരും. ഉദാഹരണത്തിന്, യഥാർത്ഥ ഐടിആർ 2023 ജൂലൈ 30-ന് ഫയൽ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അത് പരിശോധിച്ചിട്ടില്ലെങ്കിൽ, ‘ഡിസ്‌കാർഡ് റിട്ടേൺ’ എന്ന ഓപ്ഷൻ പ്രയോജനപ്പെടുത്താം.
റിട്ടേണുകൾ ഡിസ്‌കാർഡ് ചെയ്യുകയും തുടർന്നുള്ള റിട്ടേൺ നിശ്ചിത തീയതിക്ക് ശേഷം ഫയൽ ചെയ്യുകയും ചെയ്താൽ, അത് വൈകിയുള്ള റിട്ടേണിന്റെ പരിധിയിൽ പെടും.
ഡിസ്കാർഡ് ഓപ്ഷൻ ഉപയോഗിക്കുന്നത് ഇങ്ങനെ?
- www.incometax.gov.in സന്ദർശിക്കുക
- പോർട്ടലിൽ ലോഗിൻ ചെയ്യുക
- ഇ-ഫയലിലേക്ക് പോകുക
- ആദായ നികുതി റിട്ടേണിലേക്ക് പോകുക
- e-Verify ITR എന്നതിൽ ക്ലിക്ക് ചെയ്യുക
- “ഡിസ്‌കാർഡ് ” ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക