
ദില്ലി: രാജ്യത്ത് രൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച നടത്താൻ സന്നദ്ധത അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. തിങ്കളാഴ്ചയാവും പാര്‍ലമെൻ്റിൽ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച നടക്കുക. ലോക്സഭയിൽ നടക്കുന്ന ഹ്രസ്വ ചര്‍ച്ചയ്ക്ക് ശേഷം ധനമന്ത്രി നിര്‍മല സീതാരാമൻ മറുപടി പറയും. വിലക്കയറ്റത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെൻ്റിൽ പ്രതിഷേധം നടത്തി വരികയായിരുന്നു.
രാഷ്ട്രപത്നി പരാമര്‍ശത്തിൽ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജൻ ചൗധരി മാപ്പ് പറഞ്ഞതോടെയാണ് ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായത്. ഇന്നലെ വൈകിട്ടാണ് രാഷ്ട്രപത്നി പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് അധിര്‍ രഞ്ജൻ ചൗധരി രാഷ്ട്രപതിക്ക് കത്തയച്ചത്. ഇന്നലെയും അധിര്‍ രഞ്ജൻ്റെ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെൻ്റിൻ്റെ ഇരുസഭകളിലും ബഹളമുണ്ടാവുകയും സഭ തിങ്കളാഴ്ചത്തേക്ക് പിരിയുകയും ചെയ്തിരുന്നു. സഭ നിര്‍ത്തിവെച്ചപ്പോള്‍ പാർലമെന്‍റിന് പുറത്തെ ഗാന്ധിപ്രതിമക്ക് മുന്‍പിലും എംപിമാർ പ്രതിഷേധിച്ചു.
അധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്നി വിവാദത്തില്‍ കോണ്‍ഗ്രസിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതിനിടെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദര്‍ശിച്ചു. സഹമന്ത്രിമാരോടൊപ്പം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഷ്ട്രപതിയെ കാണാനെത്തി.
ഭരണഘടപദവി വഹിക്കുന്നവർ സ്ത്രീയായാലും പുരുഷനായാലും ഒരേ പോലെ ബഹുമാനിക്കേണ്ടതുണ്ടന്നതായിരുന്നു വിമത കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ വിമർശനം. എന്നാല്‍ വിലക്കയറ്റവും നാണ്യപെരുപ്പവും പാർലമെന്‍റില്‍ ചർച്ച ചെയ്യാതിരിക്കാൻ രാഷ്ട്രപത്നി വിവാദം ബിജെപി ഉപയോഗിക്കുകയാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.