ന്യൂഡല്‍ഹി: മുന്‍ ഉത്തരവുകള്‍ ബൈജൂസ് അട്ടിമറിച്ചെന്ന് ആരോപിച്ച് ബംഗളുരുവിലെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിനെ (എന്‍.സി.എല്‍.ടി) സമീപിച്ച് നിക്ഷേപകര്‍. എഡ്‌ടെക് ഇന്‍വെസ്‌റ്റ്മെന്റ്‌സ്, ജനറല്‍ അറ്റ്‌ലാന്റിക് സിംഗപ്പുര്‍, പീക്ക് എക്‌സ്.വി. പാര്‍ട്‌ണേഴ്‌സ് ഓപ്പറേഷന്‍സ് എല്‍.എല്‍.സി, സോഫിന എന്നീ നാല് നിക്ഷേപകരാണ് ഫെബ്രുവരിയില്‍ എന്‍.സി.എല്‍.ടിയെ സമീപിച്ചത്.
അംഗീകൃത മൂലധനം വര്‍ധിപ്പിക്കാതെ ഓഹരിയുടമകള്‍ക്ക് ബൈജൂസ് ഓഹരികള്‍ അനുവദിച്ചിരിക്കാമെന്ന ആശങ്ക രേഖപ്പെടുത്തി ജുഡീഷ്യല്‍ അംഗം കെ. ബിസ്വാളിന്റെയും സാങ്കേതിക അംഗം മനോജ് കുമാര്‍ ദുബെയുടെയും മുമ്പാകെ അവര്‍ ഇന്നലെ സത്യവാങ്‌മൂലം സമര്‍പ്പിക്കുകയും ചെയ്‌തു.
ഫെബ്രുവരി 27, മാര്‍ച്ച് 28 തീയതികളില്‍ ട്രിബ്യൂണല്‍ പാസാക്കിയ ഉത്തരവുകളുടെ ലംഘനമാണിതെന്നു ചൂണ്ടിക്കാട്ടിയാണിത്.
ഫെബ്രുവരി 27-ലെ ഉത്തരവില്‍, അംഗീകൃത ഓഹരി മൂലധനം വര്‍ധിപ്പിക്കാതെ ഓഹരികള്‍ അനുവദിക്കില്ലെന്ന ബൈജുവിന്റെ മൊഴി ട്രിബ്യൂണല്‍ രേഖപ്പെടുത്തിയതാണ്. കൂടാതെ, റൈറ്റ്‌സ് ഓഫറിലൂടെ കിട്ടുന്ന പണം നിക്ഷേപകരുടെ അപേക്ഷ തീര്‍പ്പാക്കുന്നതുവരെ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുമെന്നും ബൈജൂസ് അന്ന് ഉറപ്പുനല്‍കിയിരുന്നു.
ഹര്‍ജിയില്‍ എന്‍.സി.എല്‍.ടി. തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ അംഗീകൃത മൂലധനം വര്‍ധിപ്പിക്കുന്നതിനു ബൈജൂസിന്റെ അസാധാരണ പൊതുയോഗം (ഇ.ജി.എം) കൂടരുതെന്ന് നിക്ഷേപകര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, ഇ.ജി.എം. മാറ്റിവയ്‌ക്കാന്‍ മാര്‍ച്ച് 28-ലെ ഉത്തരവില്‍ എന്‍സിഎല്‍ടി വിസമ്മതിച്ചു.
പിറ്റേന്ന് ഇ.ജി.എം. നടന്നു. കമ്പനിയുടെ അംഗീകൃത മൂലധനം വര്‍ധിപ്പിക്കാന്‍ മാത്രമാണ് ഇ.ജി.എം. നടത്തുന്നതെന്ന ബൈജുവിന്റെ മൊഴി മാര്‍ച്ച് 28-ലെ ഉത്തരവില്‍ ട്രിബ്യൂണല്‍ രേഖപ്പെടുത്തിയതാണ്. എന്നാല്‍, ഇതൊക്കെ അട്ടിമറിക്കപ്പെട്ടെന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടി.
ബൈജൂസ് ഈ വാദങ്ങള്‍ നിഷേധിച്ചപ്പോള്‍, സത്യവാങ്‌മൂലത്തിന് മറുപടി നല്‍കാന്‍ അവര്‍ക്ക് കോറം 10 ദിവസത്തെ സമയം നല്‍കി. എന്‍സിഎല്‍ടിയുടെ എല്ലാ ഇടക്കാല ഉത്തരവുകളും പാലിക്കുന്നെന്ന് ഉറപ്പുവരുത്തണമെന്ന നിര്‍ദേശം കോറം ആവര്‍ത്തിച്ചു. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
അതിനിടെ, കക്ഷികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ബിട്രേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ ആക്‌ടിലെ സെക്ഷന്‍ 8 പ്രകാരം ബൈജൂസ് അപേക്ഷ നല്‍കി. ഈ അപേക്ഷ തങ്ങളുടെ ഹര്‍ജിയില്‍ ഇടപെടില്ലെന്നും ബോര്‍ഡില്‍ അഴിച്ചുപണി നടത്തണമെന്ന തങ്ങളുടെ ഹര്‍ജിയില്‍ എന്‍.സി.എല്‍.ടി. തീരുമാനമെടുക്കണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, ഒരു കമ്പനിയിലെ അടിച്ചമര്‍ത്തലിന്റെയും കെടുകാര്യസ്‌ഥതയുടെയും ആരോപണങ്ങളില്‍ ആര്‍ബിട്രല്‍ ട്രിബ്യൂണലിന് തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയുമോ എന്ന മറുചോദ്യം ട്രിബ്യൂണല്‍ ഉയര്‍ത്തി.
ഈ അപേക്ഷയോട് പ്രതികരിക്കാന്‍ നിക്ഷേപകരെ അനുവദിച്ച് വിഷയം 23-ന് വാദം കേള്‍ക്കുന്നതിനായി മാറ്റുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ കെ.ജി. രാഘവനും ധ്യാന്‍ ചിന്നപ്പയുമാണ് ബൈജൂസിനെ പ്രതിനിധീകരിക്കുന്നത്.
സുദീപ്‌തോ സര്‍ക്കാര്‍, സതീഷ് പരാശരന്‍ എന്നീ മുതിര്‍ന്ന അഭിഭാഷകര്‍ നിക്ഷേപകര്‍ക്കുവേണ്ടി ഹാജരായി.