മുംബൈ: രാജ്യത്തെ വിനോദ മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പിൽ, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും വാൾട്ട് ഡിസ്നി കമ്പനിയും തമ്മിൽ പ്രാഥമിക കരാറിൽ ഒപ്പുവച്ചു.
രണ്ട് കമ്പനികളെയും ലയിക്കുന്നതിന് മുന്നോടിയായാണ് കരാർ. 2024 ഫെബ്രുവരിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ ലയനത്തിന് ഇരു കമ്പനികളും അന്തിമരൂപം നൽകുമെന്നാണ് റിപ്പോർട്ട് .ഫെബ്രുവരിയോടെ എല്ലാ നിയമപരമായ അംഗീകാരങ്ങളും പൂർത്തിയാക്കും.
ഇരു കമ്പനികളുടെയും മൂല്യ നിർണയ നടപടികൾ ഉടനെ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലയനത്തിനുശേഷം രൂപീകരിക്കുന്ന പുതിയ സംരംഭം ഇന്ത്യൻ മാധ്യമ, വിനോദ മേഖലകളിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറും.
മെഗാ ലയനത്തിലൂടെ, റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 ഒരു ഉപസ്ഥാപനം രൂപീകരിക്കും. റിലയൻസയും ഡിസ്നിയും തമ്മിൽ കരാറിലെത്തുമ്പോൾ, ഈ ചാനലുകളെല്ലാം ഒരൊറ്റ വിഭാഗത്തിന് കീഴിൽ വരും. ഈ പുതിയ കമ്പനി വയാകോം 18 ന്റെ ഉപസ്ഥാപനമായിരിക്കും.
പുതിയ സംരംഭത്തിൽ 51% ഓഹരികൾ റിലയൻസിന്റെ പക്കലായിരിക്കും. ബാക്കിയുള്ള ഓഹരികൾ ഡിസ്നി കൈവശം വയ്ക്കും. റിലയൻസിൽ നിന്നും ഡിസ്‌നിയിൽ നിന്നും കുറഞ്ഞത് രണ്ട് ഡയറക്ടർമാരെങ്കിലും പുതിയ ബോർഡിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ജിയോ സിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളാണ് ഇരു കമ്പനികൾക്കുമുള്ളത്. ഇത് കൂടാതെ റിലയൻസിന് വയാകോം 18ന് കീഴിൽ 38 ചാനലുകളുണ്ട്.
ഹോട്ട്‌സ്റ്റാർ സ്ട്രീമിംഗ് ആപ്പ് നഷ്‌ടത്തിലായ ഡിസ്‌നിക്ക് ഈ കരാർ പ്രയോജനകരമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഡിസ്നിയുടെ ടെലിവിഷൻ ചാനലുകൾ ഇന്ത്യയിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, ബിസിനസിന്റെ മറ്റ് വിഭാഗങ്ങൾ നഷ്ടത്തിലാണ്.