
എസ്. ശ്രീകണ്ഠൻ
റസ്ക്കും റൊട്ടിയും തമ്മിലുള്ള ഭിന്നത കോടതി കയറിയിട്ട് 12 കൊല്ലം. രണ്ട് ഹൈക്കോടതികൾ വ്യത്യസ്ത വിധി പുറപ്പെടുവിച്ച വിഷയം ഇനി സുപ്രിം കോടതി തീർപ്പാക്കും. റസ്ക്ക് എന്നാൽ ഈർപ്പം കളഞ്ഞ റൊട്ടിയാണെന്നും ആയതിനാൽ മൂല്യ വർധിത നികുതി അഥവാ വാറ്റ് ബാധകമല്ലെന്നും 12 കൊല്ലമെടുത്ത് ഹിമാചൽ ഹൈക്കോടതി വിധിച്ചു. റസ്ക്കും റൊട്ടിയും ഒന്നല്ല രണ്ടാണെന്നും അതു കൊണ്ടു തന്നെ വാറ്റ് ബാധകമാണെന്നും മേഘാലയ ഹൈക്കോടതി ഹിമാചലിനു മുമ്പേ വിധിച്ചിരുന്നു.
ഇങ്ങനെ രണ്ട് വ്യത്യസ്ത വിധി ഒരു വിഷയത്തിൽ വന്ന സ്ഥിതിക്ക് പരമോന്നത കോടതി വിധിക്കായി നമുക്ക് കാത്തിരിക്കാം. റസ്ക്കും റൊട്ടിയും രണ്ടാണെന്ന് തറപ്പിച്ചു പറയുന്നുണ്ട് മേഘാലയ ഹൈക്കോടതി. രണ്ടും ഭിന്നമായതുകൊണ്ടാണല്ലോ കടയിൽ കയറി ആളുകൾ റൊട്ടിക്ക് റൊട്ടിയെന്നും റസ്ക്കിന് റസ്ക്കെന്നും പ്രത്യേകം ചോദിച്ച് വാങ്ങുന്നതെന്ന സാമാന്യ യുക്തിയും മേഘാലയ ഹൈക്കോടതി വിധി ന്യായത്തിൽ ഉന്നയിക്കുന്നുണ്ട്.
എന്നാൽ, ഹിമാചൽ കോടതി ഇത് അംഗീകരിച്ച മട്ടില്ല. റസ്ക്കിൻ്റെ അർത്ഥം നിഘണ്ടുവായ നിഘണ്ടുവൊക്കെ തിരഞ്ഞ് രണ്ടും ഒരു കുടുംബം എന്ന വിലയിരുത്തലിൽ ഹിമാചൽ കോടതി എത്തി. ഒരു റൊട്ടി കഷണം ഒന്നു കൂടി ഉണക്കി അവനിൽ ആവി കയറ്റി റസ്ക്കാക്കിയാൽ എങ്ങനെ രണ്ട് ഉത്പന്നമാകുമെന്ന് ഹിമാചൽ കോടതിയുടെ ഡിവിഷൻ ബഞ്ച് ചോദിച്ചു. അതിനാൽ റസ്ക്കിന് വാറ്റ് ബാധകമല്ലെന്ന് പറഞ്ഞു കൊണ്ട് 2010ൽ എസ് എസ് ഫുഡ് കാതർ ഫയൽ ചെയ്ത കേസ്സിൽ 2022 ൽ ഹിമാചൽ കോടതി തീർപ്പു കൽപ്പിച്ചു.
ഇതേ വിഷയത്തിൽ അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണവും ഹിമാചൽ ഹൈക്കോടതി കണക്കിലെടുത്തിട്ടുണ്ട്. ഓക്സ്ഫേഡ് ഇംഗ്ലീഷ് ഡിക്ഷണറിയിലെ റസ്ക്ക് പദോത്പത്തി കൂലംകഷമായി വിലയിരുത്തിയാണ് അലഹബാദ് ബഞ്ചിൻ്റെ നിരീക്ഷണം. A dry biscuit or a piece of twice baked bread especially as prepared for use as baby food. കോളിൻസ് അഡ്വാൻസ്ഡ് ലേണേഴ്സ് ഇംഗ്ലീഷ് ഡിക്ഷണറി തിരഞ്ഞാലോ?. റസ്ക്കെന്നാൽ hard ,dry biscuits that are given to babies and young children. രണ്ടിൻ്റെയും ചേരുവ ഒന്നാണെന്നും തയ്യാറാക്കൽ രീതിയിൽ മാത്രമെ വ്യത്യാസമുള്ളുവെന്നും അതിനാൽ റസ്ക്കിനെന്തിന് വാറ്റ് എന്ന ചോദ്യം ഹിമാചലും അലഹബാദ് കോടതികളുമൊക്കെ ചോദിക്കുന്നു. സുപ്രിം കോടതി എന്തു പറയും?.
റൊട്ടിയും റസ്ക്കും കോടതി വ്യവഹാരവും എന്തായാലും രസകരം തന്നെ. വിഷയം ഇനിയും കാലവിളംബമില്ലാതെ തീർപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കട്ടെ. Justice delayed is justice denied എന്നാണല്ലോ പ്രമാണം.