
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക നൽകാനായി പണം അനുവദിച്ച് ധനവകുപ്പ്. 900 കോടിയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്.
ക്ഷേമപെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാലുമാസത്തെ തുകയാണ് ഇപ്പോൾ കുടിശ്ശികയായിട്ടുള്ളത്. ഇതിൽ ഒരുമാസത്തെ കുടിശ്ശിക തുകയാണ് തിങ്കളാഴ്ച മുതൽ വിതരണം ചെയ്യുക.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പെൻഷൻ വിതരണത്തിന് പണം അനുവദിക്കാൻ കഴിയാത്തതെന്ന് ചിഫ് സെക്രട്ടറി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് നാല് മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ കുടിശ്ശിക ഉടൻ നൽകുമെന്ന് ബുധനാഴ്ച ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
പണം കണ്ടെത്താൻ വൈകിയതാണ് വിതരണം വൈകാൻ കാരണമായത്. കേരളത്തിന് കിട്ടാനുള്ള കേന്ദ്ര വിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രം കേരളത്തെ ശ്യാസം മുട്ടിക്കുകയാണ് 5400 കോടി രൂപ കേന്ദ്രം കേരളത്തിന് നല്കാനുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 6400 രൂപ വീതമാണ് ഓരോരുത്തർക്കും നൽകാനുള്ളത്.
പെൻഷൻ നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങൾ വഴിയും അല്ലാതെയുള്ളവർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴിയും തുക ലഭിക്കും.
ആകെ 64 ലക്ഷം പേരാണ് പെൻഷൻ ഡാറ്റാ ബേസിലുള്ളത്, എൽ.ഡി.എഫ് സർക്കാർ 57,604 കോടി രൂപ ക്ഷേമ പെൻഷൻ ആയി ഏഴര വർഷം കൊണ്ട് ഇത് വരെ വിതരണം ചെയ്തു.