മുംബൈ: ഡിക്‌സണ്‍ ടെക്‌നോളജീസിന്റെ ഓഹരികള്‍ 7 ശതമാനം നേട്ടമുണ്ടാക്കി. ക്യാമറകള്‍, ബാറ്ററികള്‍ തുടങ്ങിയ മൊബൈല്‍ ഘടകങ്ങളുടെ കസ്റ്റംസ് തീരുവ വെട്ടിക്കുറയ്ക്കുകയും ലിഥിയം അയണ്‍ ബാറ്ററികള്‍ക്ക് ഇളവ് നല്‍കുകയും ചെയ്തതോടെയാണ് ഇത്. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമാനാണ് മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെയും ടിവി സെറ്റുകളുടെയും തീരുവ കുറച്ചതായി പ്രഖ്യാപിച്ചത്.
ഓപ്പണ്‍ സെല്ലുകള്‍ ഉപയോഗിക്കുന്ന ടെലിവിഷനുകളുടെ തീരുവ 2.5 ശതമാനമായാണ് വെട്ടിക്കുറച്ചത്. ഇതോടെ ടിവികളുടെ വില കുറയും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെയും ടെലിവിഷന്‍ ഭാഗങ്ങളുടെയും കസ്റ്റം ഡ്യൂട്ടി കുറയ്ക്കുന്നത് ഇന്ത്യയില്‍ അവയുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കും.
ഇലക്ട്രോണിക് വ്യവസായത്തിന്റെ വളര്‍ച്ചയുടെ പ്രധാന പ്രേരകങ്ങള്‍ മൊബൈല്‍ ഫോണുകള്‍, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, വ്യാവസായിക ഇലക്ട്രോണിക്‌സ് എന്നിവയാണെന്ന് സാമ്പത്തിക സര്‍വേ പറഞ്ഞിരുന്നു. 2015 സാമ്പത്തിക വര്‍ഷത്തില്‍ 6 കോടി യൂണിറ്റുകളുണ്ടായിരുന്ന ഹാന്‍ഡ്സെറ്റുകളുടെ ഉല്‍പ്പാദനം 2021 സാമ്പത്തിക വര്‍ഷത്തില്‍ 29 കോടി യൂണിറ്റായി ഉയര്‍ന്നു.
ഇതോടെ ആഗോളതലത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായി ഇന്ത്യ മാറി. ഈ സാഹചര്യത്തിലാണ് സാമ്പത്തിക സര്‍വേ ഇലക്ട്രോണിക് വ്യവസായത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞത്. കൂടുതല്‍ ആഭ്യന്തര, ആഗോള കമ്പനികള്‍ തങ്ങളുടെ അടിത്തറ വിപുലീകരിക്കുന്നതിനാല്‍ ഉത്പാദനം ഇനിയും മെച്ചപ്പെടുമെന്ന് സര്‍വേ അനുമാനിക്കുന്നു.
രാജ്യത്ത് അതിവേഗം വളരുന്ന മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് ഡിക്‌സണ്‍ ടെക്‌നോളജീസ്. ഷീറ്റ് മെറ്റല്‍, പ്ലാസ്റ്റിക് ഭാഗങ്ങള്‍, ബാറ്ററികള്‍, അഡാപ്റ്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്‍-ഹൗസ് സാങ്കേതികവിദ്യ സജ്ജീകരിക്കുകയാണ് നിലവില്‍ നോയിഡ ആസ്ഥാനമായുള്ള കമ്പനി.