മുംബൈ: റിയൽറ്റി പ്രമുഖരായ ഡിഎൽഎഫ് ഗുരുഗ്രാമിലെ 292 ആഡംബര വീടുകൾ 1,800 കോടി രൂപയ്ക്ക് വിറ്റഴിച്ചു. പ്രോജക്റ്റ് ആരംഭിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഈ വിൽപ്പന എന്നതും ശ്രദ്ധേയമാണ്. ഇത് ഭവനവായ്പകളുടെ പലിശനിരക്കും പ്രോപ്പർട്ടി വിലയും വർദ്ധിച്ചിട്ടും നിലവിലുള്ള ശക്തമായ ഡിമാൻഡിനെ സൂചിപ്പിക്കുന്നതായി കമ്പനി പറഞ്ഞു.
സെപ്റ്റംബർ 26-ന് ഹരിയാനയിലെ ഗുരുഗ്രാമിൽ ഡിഎൽഎഫ് ഫേസ്-5ൽ സ്ഥിതി ചെയ്യുന്ന ‘ദി ഗ്രോവ്’ എന്ന പദ്ധതി ഡിഎൽഎഫ് ആരംഭിച്ചിരുന്നു. ‘ദി ഗ്രോവ്’ പദ്ധതിയിലെ ആഡംബര വീടുകളുടെ വില്പന പൂർത്തിയാക്കിയതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. സമാരംഭിച്ച് എട്ട് ദിവസത്തിനുള്ളിൽ പദ്ധതി പൂർണ്ണമായും വിറ്റുതീർന്നതായി വൃത്തങ്ങൾ അറിയിച്ചു.
ഈ പദ്ധതിയിൽ നിന്നുള്ള മൊത്തം വിൽപ്പന വരുമാനം 1,800 കോടി രൂപയിലധികമാണ്. 16 പ്രീമിയം, ലക്ഷ്വറി, സൂപ്പർ-ലക്ഷ്വറി റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ ഉൾക്കൊള്ളുന്ന ഡിഎൽഎഫ് 5-ൽ ഇതിനകം 50,000-ത്തിലധികം താമസക്കാർ താമസിക്കുന്നുണ്ട്.
2022-23 സാമ്പത്തിക വർഷത്തിൽ 8,000 കോടി രൂപയുടെ വിൽപ്പന വരുമാനം നേടാനാണ് ഡിഎൽഎഫ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. വിപണി മൂലധനത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഡിഎൽഎഫ്. 330 ദശലക്ഷം ചതുരശ്ര അടിയിൽ 153-ലധികം റിയൽ എസ്റ്റേറ്റ് പ്രോജക്ടുകൾ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്.