മുംബൈ: ശതകോടീശ്വരനായ രാധാകിഷൻ ദമാനിയുടെ പിന്തുണയുള്ള സൂപ്പർമാർക്കറ്റ് ശൃംഖലയായ ഡിമാർട്ട്, വിപണി വിഹിതം വർദ്ധിപ്പിക്കാനും സാന്നിധ്യം ശക്തമാക്കാനുമായി അതിന്റെ സ്റ്റോറുകളുടെ എണ്ണം അഞ്ചിരട്ടി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ പോലുള്ള എതിരാളികൾക്ക് ശക്തമായ മത്സരം നൽകാനാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ സൂപ്പർമാർക്കറ്റ് ശൃംഖലയാണ് അവന്യൂ സൂപ്പർമാർട്ട്‌സ് ലിമിറ്റഡിന്റേത്. നിലവിൽ സ്ഥാപനത്തിന് 284 സൂപ്പർമാർക്കറ്റുകളാണ് ഉള്ളത്. ഇത് അഞ്ചിരട്ടിയായി വർധിപ്പിച്ച് 1,500 ആക്കാനാണ് ഡിമാർട്ട് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ നെവിൽ നൊറോണ പറഞ്ഞു.
കഴിഞ്ഞ 6 മാസത്തിനിടയിൽ കമ്പനി 50 പുതിയ സ്റ്റോറുകൾ തുറന്നു. പുതിയ സ്റ്റോറുകൾ തുറക്കുന്നതിന് പുറമേ, ഡിമാർട്ട് അതിന്റെ ലാഭകരമല്ലാത്ത ഇ-കൊമേഴ്‌സ് ബിസിനസ്സ് വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നു. 2017-ലാണ് ഡിമാർട്ടിന്റെ സ്ഥാപകനും കോടീശ്വരനുമായ ദമാനി തന്റെ സൂപ്പർമാർക്കറ്റ് സാമ്രാജ്യത്തെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്.
ദമാനിയുടെ ആസ്തി 22.1 ബില്യൺ ഡോളറാണെന്ന് ബ്ലൂംബെർഗ് ബില്യണയർ സൂചിക കാണിക്കുന്നു. അതേസമയം അവന്യൂ സൂപ്പർമാർട്ട്സ് 2024 മാർച്ചോടെ 135 ഡിമാർട്ട് ഔട്ട്‌ലെറ്റുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.