ഗീതു ശിവകുമാർ
രാജ്യം ഉറ്റുനോക്കിയ ഒന്നായിരുന്നു ഈ വർഷത്തെ കേന്ദ്ര ബജറ്റ്. രണ്ടാം മോഡി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ ബജറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്. ആദായ നികുതിയിൽ വരുത്തിയ കാര്യമായ മാറ്റങ്ങൾ തന്നെയാണ് ഈ ബജറ്റിൽ ഏറ്റവും ശ്രദ്ധേയമായത്. മൂലധനച്ചെലവുകൾക്ക് പ്രത്യേകിച്ചും വലിയ മുൻഗണന നൽകുകയും മധ്യവർഗ ആദായനികുതിദായകരുടെ ഹൃദയം കവരുകയും ചെയ്തു എന്ന് സംക്ഷിപ്തമായി പറയാം.അടിസ്ഥാന സൗകര്യങ്ങൾ , കൃഷി, പരിസ്ഥിതി സൗഹാർദ്യം തുടങ്ങി കുറച്ച് മേഖലകൾക്ക് ഏറെ ഊന്നൽ കൊടുത്തുകൊണ്ടുള്ള ഈ ബജറ്റിൽ പക്ഷേ ഇന്ന് രാജ്യം നേരിടുന്ന ചില പ്രധാന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി കാര്യമായൊന്നും തന്നെ പ്രതിപാദിച്ചിട്ടില്ല.
ഈ ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം ആദായ നികുതി സംബന്ധിച്ചുള്ളതായിരുന്നു. ആദായനികുതി ഇളവ് നടപടികൾ പ്രത്യേകിച്ച് മധ്യവർഗത്തെയും മുതിർന്ന പൗരന്മാരെയും ലക്ഷ്യം വച്ചുള്ളതാണ്. അടിസ്ഥാന ആദായ ഇളവ് പരിധികൾ പുനഃക്രമീകരിക്കുകയും ആദായനികുതി സ്ലാബുകളുടെ എണ്ണം ആറിൽ നിന്ന് അഞ്ചായി കുറയ്ക്കുകയും ചെയ്തു. ലളിതമായി പറഞ്ഞാൽ, 7 ലക്ഷം രൂപ വരെ വരുമാനമുള്ള ഒരു പൗരൻ പുതിയ നികുതി വ്യവസ്ഥയിൽ ആദായ നികുതി നൽകേണ്ടതില്ല. ഈ ഗവൺമെന്റിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ, മധ്യവർഗത്തോടുള്ള ജനകീയതയുടെ സ്വരം വർദ്ധിപ്പിച്ചു.
കാർഷിക മേഖലക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. 20 ലക്ഷം കോടി രൂപ കാർഷിക ധനസഹായം ക്ഷീര, മത്സ്യബന്ധനം, മൃഗസംരക്ഷണ വ്യവസായങ്ങൾ എന്നിവയ്ക്കായി ലക്ഷ്യമിടുന്നു. അടുത്ത 3 വർഷത്തിനുള്ളിൽ ഒരു കോടി കർഷകർക്ക് സ്വാഭാവിക കൃഷി സ്വീകരിക്കാൻ സഹായം ലഭിക്കും. കർണാടകയിലെ വരൾച്ച ബാധിതമായ മധ്യപ്രദേശങ്ങളിൽ, സുസ്ഥിരമായ ജലസേചനം ലഭ്യമാക്കുന്നതിനായി അപ്പർ ബദ്ര പദ്ധതിക്ക് 5,300 കോടി രൂപയുടെ കേന്ദ്രസഹായം നൽകും. കാർഷിക മേഖലയിൽ ടെക്നോളജി ഉപയോഗിച്ച് മുന്നേറ്റം കൊണ്ടുവരാൻ അഗ്രി ടെക് ഫണ്ട് സ്ഥാപിക്കുകയും ഈ മേഖലയിലെ യുവജനങ്ങളുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും എന്ന് ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന് കർഷക സമരമായിരുന്നു. സാധാരണ കർഷകർ നേരിടുന്ന അടിസ്ഥാനമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുകൊണ്ടു മാത്രം കഴിയുമോ എന്നത് കൂടുതൽ ചിന്തിക്കേണ്ട വിഷയമാണ്.
2023-24 ലെ അടിസ്ഥാന സൗകര്യ വികസനത്തിനായി മൂലധനച്ചെലവ് 33 ശതമാനം വർധിപ്പിച്ച് 10 ലക്ഷം കോടി രൂപയായി ഉയർത്തുമെന്ന് സീതാരാമൻ പ്രഖ്യാപിച്ചു. ഇത് ജിഡിപിയുടെ 3.3 ശതമാനമായിരിക്കും. സർക്കാരിന്റെ ഫലപ്രദമായ മൂലധനച്ചെലവ് 13.7 ലക്ഷം കോടി രൂപയാകും. 2024 സാമ്പത്തിക വർഷത്തിൽ 13.7 ലക്ഷം രൂപയാണ് സർക്കാരിന്റെ ഫലപ്രദമായ മൂലധന ചെലവ്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത് മുഖ്യമായും ചിലവാക്കുക. മെച്ചപ്പെട്ട റോഡുകൾ, പാലം, പൊതു സംവിധാനങ്ങൾ എന്നിവ നിർമിക്കുന്നതിന് ഇത് വളരെ നല്ലൊരു തുടക്കമാണ്.
വ്യവസായ മേഖല ഒരു രാജ്യത്തിൻറെ പുരോഗതിക്കു ഏറ്റവും അത്യാവശ്യമാണ്. ചെറുകിട വ്യവസായങ്ങളെയും സംരംഭകരേയും കോവിഡ് മഹാമാരി സാരമായി ബാധിച്ചിരുന്നു. 2024 മാർച്ച് വരെ തുടങ്ങിയിട്ടുള്ള സ്റ്റാർട്ടപ്പുകൾക്ക് ആദായനികുതി ആനുകൂല്യങ്ങൾ നീട്ടാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 2024 മാർച്ച് വരെ ഉൽപ്പാദന പ്രവർത്തനങ്ങൾ ആരംഭിക്കുന്ന പുതിയ സഹകരണ സ്ഥാപനങ്ങൾക്കും 15 ശതമാനം നികുതി നിരക്ക് കുറയും. MSMEകൾക്ക് വേണ്ടി നേരത്തെ തന്നെ ക്രെഡിറ്റ് ഗ്യാരന്റി സ്കീം നിലവിലുണ്ട്. അതിൽ ചെറിയ ഇളവുകളും പ്രഖ്യാപിച്ചു. ലിഥിയം ബാറ്ററി, ടെലിവിഷൻ പാനലുകൾ, ചെമ്മീൻ തുടങ്ങിയ ചില വസ്തുക്കളുടെ ഇറക്കുമതി ഡ്യൂട്ടി കുറച്ചിട്ടുണ്ട്. ഇത് ട്രേഡിങ്ങ് വ്യവസായികൾക്കും, ഇവ ഉപയോഗിക്കുന്നവർക്കും സഹായകരമാകും. എന്നാൽ വളരെ വൈവിധ്യമാർന്ന ഇന്ത്യൻ വ്യാവസായിക മേഖലയെ സഹായിക്കുന്നതിന് വല്യ പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഉണ്ടായിട്ടില്ല.
ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് തൊഴിലില്ലായ്മ ആണ്. തൊഴിലില്ലായ്മ എന്ന വാക്ക് ഈ ബജറ്റ് പ്രസംഗത്തിലെവിടെയും പരാമർശിക്കുന്നില്ല. വ്യവസായങ്ങൾ വളരാൻ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത് തൊഴിൽ അവസരങ്ങൾ ഉണ്ടാകാൻ കാരണമാകും. പക്ഷെ അതിനു കാര്യമായ പ്രാധാന്യം നൽകിയിട്ടില്ല. പക്ഷെ പരോക്ഷമായി തൊഴിലില്ലായ്മയെ പരിഹരിക്കാനുള്ള ഒരു പ്രഖ്യാപനം ഉണ്ട് – സ്കിൽ ഡവലപ്മെൻറ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെക്കാട്രോണിക്‌സ്, റോബോട്ടിക്‌സ് തുടങ്ങിയ നവയുഗ കഴിവുകളിൽ യുവാക്കൾക്ക് പരിശീലനം നൽകും. നൈപുണ്യ വികസനത്തെ പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി (എൻഇപി) ബന്ധിപ്പിച്ചുകൊണ്ടുള്ള ‘അമൃത് പീധി’ അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തൊഴിൽ പരിശീലനം, വ്യവസായ പങ്കാളിത്തം, വ്യവസായത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി കോഴ്‌സുകളുടെ വിന്യാസം എന്നിവയ്ക്ക് ഊന്നൽ നൽകും. അന്താരാഷ്ട്ര അവസരങ്ങൾക്കായി യുവാക്കളെ നിപുണരാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ സ്ഥാപിക്കും. തൊഴിലില്ലായ്മ കുറക്കുക എന്ന വാക്കു ഉപയോഗിച്ചില്ല എങ്കിലും ഈ നടപടികൾ തീർച്ചയായും കൂടുതൽ നല്ല തൊഴിൽ നേടാൻ യുവജനതയെ പ്രാപ്തരാക്കും. വ്യവസായ വിദഗ്ദരെക്കൂടെ ഉൾപ്പെടുത്തിയാകും ഈ പദ്ധതികൾ നടപ്പിലാക്കുക. ഇത് രാജ്യത്തെ യുവജനങ്ങൾക്ക് സഹായകരമാകും.
സർക്കാർ ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും ഒരു പൊതു തിരിച്ചറിയൽ രേഖയായി പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ഉപയോഗിക്കും. ബിസിനസ്സ് സുഗമമാക്കുന്നതിന് ഒന്നിലധികം ഡിപ്പാർട്ട്‌മെന്റുകൾക്കായി നിലവിലുള്ള ഡ്യൂപ്ലിക്കേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ‘ഏകീകൃത ഫയലിംഗ് പ്രക്രിയ’ എന്ന സംവിധാനം സജ്ജീകരിക്കും. നമ്മുടെ സംസ്ഥാനങ്ങളിൽ പല വിഭാഗങ്ങൾക്കും പല തരം തിരിച്ചറിയൽ രേഖകളാണ് ഉപയോഗിക്കുന്നത്. വൈവിധ്യങ്ങളുടെ രാജ്യത്ത് ഇതിന്റെ ഏകോപനം അത്ര എളുപ്പമാകാൻ വഴിയില്ല. ഇതിന്റെ നടപ്പിലാക്കൽ ജനങ്ങൾക്കു ബുദ്ധിമുട്ടില്ലാത്ത രീതിയിൽ നടത്തേണ്ടത് വളരെ പ്രധാനമാണ്.
ഡിജിറ്റൽ ഇന്ത്യ എന്നത് ഒന്നാം മോദി സർക്കാരിന്റെ കാലം മുതലേ ഉയർത്തിപിടിച്ചിരുന്ന ഒരു പ്രധാന പദ്ധതിയാണ്. അതിന്റെ തുടർച്ചയെന്നോണം ഈ ബജറ്റിലും ഡിജിറ്റൈസേഷന് വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്. യുപിഐയുടെ വൻവിജയത്തെപ്പറ്റിയും ധനമന്ത്രി സംസാരിച്ചു. ഈ വർഷം സഹകരണ സൊസൈറ്റികൾ, പുരാതനമായ ലിഖിതങ്ങൾ, പലതരം തിരിച്ചറിയൽ രേഖകൾ, കാർഷിക മേഖല, ഡിജിറ്റൽ ലൈബ്രറി തുടങ്ങി നിരവധി ഡിജിറ്റൈസേഷൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും യുവജനതയുടെ എഐ നൈപുണ്യം വർധിപ്പിക്കുന്നതിനും പദ്ധതികളുണ്ട്.
നമ്മുടെ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനതയും ആദായ നികുതിദായകരല്ല. നികുതി ഇളവ് കൊണ്ട് പ്രയോജനം കിട്ടുന്നതും ആദ്യത്തെ സ്ലാബിൽ വരുന്നവർക്ക് ആണ്. രാജ്യത്തെ ജനസംഖ്യയുടെ 6.25 % മാത്രമാണ് ആദായ നികുതി ദായകരുടെ എണ്ണം. ബാക്കി ഇന്ത്യയിലെ 90 ശതമാനത്തിനു മുകളിലുള്ള ജനത ഇന്ന് രാജ്യത്തു നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്.തൊഴിലില്ലായ്മ അതിന്റെ ഏറ്റവും മൂർദ്ധന്യത്തിലാണ്. ചെറുകിട വ്യവസായ മേഖലയുടെ സ്ഥിതിയും അത്ര മെച്ചമല്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്കു നേട്ടം ലഭിക്കുന്ന എന്താണ് ഈ ബജറ്റിൽ ഉള്ളതെന്ന് ചോദിച്ചാൽ പേരിനു പോലും ഒന്നും പറയാൻ കിട്ടില്ല എന്നത് പറയേണ്ടത് തന്നെയാണ്. എത്രയൊക്കെ പ്രഖ്യാപനങ്ങൾ നടത്തിയാലും വികസനം കൊണ്ടുവരും എന്ന് പറഞ്ഞാലും സാധാരണ ജനങ്ങളുടെ ജീവിതം സുഗമമാക്കുക എന്ന പരമ പ്രാഥമികമായ കടമക്കു മുൻഗണന കൊടുക്കേണ്ടതായിരുന്നു.
നിക്ഷേപിക്കാൻ കാശില്ലാത്ത കര്ഷകനോടു ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തളിക്കാൻ പറഞ്ഞിട്ടോ, കാർ വാങ്ങാൻ കാശില്ലാത്തവർക്കു 6 ലൈൻ റോഡ് ഉണ്ടാക്കി കൊടുത്തിട്ടോ, നികുതിയുടെ പരിധിയിൽ പോലും പെടാത്ത പാവപ്പെട്ടവർക്ക് നികുതി ഇളവ് കൊടുത്തിട്ടോ എന്തെങ്കിലും കാര്യമുണ്ടോ എന്ന് ചുരുക്കിയ വാക്കുകളിൽ ചോദിക്കാം.
(യുവ സംരംഭക. പ്രമുഖ ടെക്നോളജി കമ്പനി പേസിൻ്റെ ഫൗണ്ടറും സിഇഒയുമാണ്)