
യുഎസ് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന അഞ്ച് ലക്ഷത്തോളം ഗവണ്‍മെന്‍റ് ക്രെഡിറ്റ് കാര്‍ഡുകള്‍ താല്‍ക്കാലികമായി റദ്ദാക്കി ഇലോണ്‍ മസ്ക് നേതൃത്വം നല്‍കുന്ന ഡോജി വകുപ്പ്.
ഇലോണ്‍ മസ്കിന്‍റെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ്, ഗവണ്‍മെന്‍റ് ചെലവുകള്‍ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി 30-ലധികം ഏജന്‍സികള്‍ ഉപയോഗിക്കുന്ന കാര്‍ഡുകള്‍ നിര്‍ജ്ജീവമാക്കിയതായി അറിയിച്ചു.
ജനുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍, പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും അധിക ചെലവ് ഇല്ലാതാക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനും വേണ്ടിയാണ് ഡോജി സ്ഥാപിച്ചത്.
നേരത്തെ 200,000-ത്തിലധികം ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഡോജി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ റദ്ദാക്കിയിരിക്കുന്നത്. മാര്‍ച്ചില്‍, 16 ഏജന്‍സികളിലായി 200,000 ആവശ്യമില്ലാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായും ഡോജി അറിയിച്ചു.
ഇത് സാധാരണ ക്രെഡിറ്റ് കാര്‍ഡുകളല്ല.
സാധാരണ ഉപഭോക്തൃ ക്രെഡിറ്റ് കാര്‍ഡുകളല്ല ഡോജി റദ്ദാക്കിയ കാര്‍ഡുകള്‍. ഔദ്യോഗിക ചെലവുകള്‍ക്കായി അനുവദിച്ച കാര്‍ഡുകളാണ് ചെലവ് ചുരുക്കലിന്‍റെ പേരില്‍ റദ്ദാക്കിയിരിക്കുന്നത്.
ഒരു സൈനിക വാഹനത്തിനുള്ള അടിയന്തര അറ്റകുറ്റപ്പണി, ഔദ്യോഗിക യാത്രാ ചെലവുകള്‍, തുടങ്ങി സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള ചെലവുകള്‍ക്കാണ് ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിച്ചിരിക്കുന്നത്.
ഡോജിയുടെ കണക്കനുസരിച്ച്, 4.6 ദശലക്ഷം സര്‍ക്കാര്‍ ക്രെഡിറ്റ് കാര്‍ഡുകളുണ്ട്, കഴിഞ്ഞ വര്‍ഷം ഇത് വഴി മൊത്തം 40 ബില്യണ്‍ ഡോളര്‍ ആണ് ചെലവഴിച്ചത്.
ജീവനക്കാര്‍ക്ക് തിരിച്ചടി
അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ ആണ് കാര്‍ഡുകള്‍ റദ്ദാക്കിയത് വഴി സംജാതമായത്.
ഉദാഹരണത്തിന്, കഴിഞ്ഞ മാസം ട്രാന്‍സ്പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്‍റെ കാര്‍ഡുകള്‍ വെട്ടിക്കുറച്ചപ്പോള്‍, ബോംബ് സ്നിഫിംഗ് ഡോഗ് യൂണിറ്റുകള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള പണം ലഭ്യമാക്കുന്നതിന് തടസം നേരിട്ടു.
ഓഡിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏജന്‍സികളുടെ എണ്ണം വിപുലീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ക്രെഡിറ്റ് കാര്‍ഡ് സംവിധാനത്തില്‍ വെട്ടിക്കുറയ്ക്കല്‍ തുടരുമെന്ന് ഡോജി അറിയിച്ചിട്ടുണ്ട്.