മുംബൈ: സ്‌മോള്‍ക്യാപ്പ് ഓഹരികളില്‍ നിക്ഷേപിച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ചെന്നൈയില്‍ നിന്നുള്ള ഡോളി ഖന്ന. നിക്ഷേപിച്ച ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ അവരുടെ പോര്‍ട്ട്‌ഫോളിയോ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഗോവ കാര്‍ബണില്‍ ഡോളി ഖന്ന നിക്ഷേപം കുറച്ചുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
സെപ്തംബറിലവസാനിച്ച പാദത്തിലെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം കമ്പനി നിക്ഷേപകരുടെ ലിസ്റ്റില്‍ ഡോളി ഖന്നയുടെ പേരില്ല. ഒരു ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപമുള്ളവരുടെ പേരാണ് ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണില്‍ ഇടം പിടിക്കുക എന്നിരിക്കെ അവര്‍ തന്റെ ഓഹരികളുടെ എണ്ണം കുറയ്ക്കുകയോ പൂര്‍ണ്ണമായി വില്‍പന നടത്തി ലാഭമെടുക്കുകയോ ചെയ്തു എന്ന് മനസ്സിലാക്കാം.
ജൂണിലവസാനിച്ച പാദത്തില്‍ കമ്പനിയുടെ 98,637 എണ്ണം അഥവാ 1.08 ശതമാനം ഓഹരികളാണ് ഡോളി ഖന്നയുടെ പേരിലുണ്ടായിരുന്നത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള പാദത്തില്‍ 15 ശതമാനം ഉയര്‍ച്ച കൈവരിക്കാന്‍ ഗോവ കാര്‍ബണ്‍ സ്‌റ്റോക്കിനായിരുന്നു.