
ന്യൂഡല്‍ഹി:ആഭ്യന്തര വിമാന നിരക്കുകളിലെ വര്‍ദ്ധനവ് അല്‍പ്പം കുറഞ്ഞിട്ടുണ്ടെന്നും സെപ്റ്റംബറില്‍ ഉത്സവ കാലയളവ് ആരംഭിക്കുന്നതുവരെ ഉയരാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുമാരേയും (ഒടിഎ) വിമാനക്കമ്പനി ഉദ്യോഗസ്ഥരേയും ഉദ്ദരിച്ച് മണികണ്‍ട്രോളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രാഫിക്ക് കുറഞ്ഞതോടെയാണ് നിരക്ക് കുറയ്ക്കാന്‍ എയര്‍ലൈനുകള്‍ നിര്‍ബന്ധിതരായത്.
ഒടിഎകളുടെയും എയര്‍ലൈനുകളുടെയും അഭിപ്രായത്തില്‍, സ്‌കൂള്‍ വേനല്‍ക്കാല അവധിക്കാലം അവസാനിക്കുകയും വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ ഗതാഗതം നിറവേറ്റുന്നതിനായി ആഭ്യന്തര വിമാനക്കമ്പനികള്‍ അവരുടെ ഫ്‌ലീറ്റിലേക്ക് വിമാനങ്ങള്‍ ചേര്‍ക്കുകയും ചെയ്യുന്നതിനാല്‍ ആഭ്യന്തര യാത്രയ്ക്കുള്ള ആവശ്യം കുറയാന്‍ സാധ്യതയുണ്ട്.
“കാലാനുസൃതമായ ഇടിവ് ജൂണ്‍, ജൂലൈ മാസങ്ങളിലുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഫോര്‍വേഡ് ബുക്കിംഗില്‍ 3-5 ശതമാനം ഇടിവ് ദൃശ്യമായി,” ഇന്‍ഡിഗോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളില്‍ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞയാഴ്ച കമ്പനികള്‍ തയ്യാറായിരുന്നു.
സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഇടപെടലിനെ തുടര്‍ന്നാണിത്. 14-60 ശതമാനം വരെ കുറവാണ് വ്യോമയാന കമ്പനികള്‍ വരുത്തിയത്. വിമാന നിരക്ക് ആകാശം തൊട്ടതോടെയാണ് മന്ത്രിയ്ക്ക് ഇടപെടേണ്ടി വന്നത്.
കൂടാതെ ഉയര്‍ന്ന ട്രാഫിക്കുണ്ടാകുമ്പോള്‍ താല്‍ക്കാലിക സ്ലോട്ടുകള്‍ക്കായി സര്‍ക്കാര്‍ വിമാന കമ്പനികളെ സഹായിക്കുന്നു.