ബെംഗളൂരു: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഓഗസ്റ്റ് മാസത്തില്‍ അഞ്ച് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞമാസത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 1.02 കോടിയിലെത്തി.
വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്കെത്തിയതോടെയാണ് ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഉയര്‍ന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ട്രാഫിക്കില്‍ വേഗത്തിലുള്ള വീണ്ടെടുക്കല്‍ പ്രതീക്ഷിക്കുന്നതായാണ് റേറ്റിംഗ് ഏജന്‍സിയായ ഇക്ര (ICRA) പറയുന്നത്.
ഇക്രയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വിമാന കമ്പനികളുടെ അന്താരാഷ്ട്ര ട്രാഫിക് കോവിഡിന് മുമ്പുള്ള 19.8 ലക്ഷത്തെ മറികടന്നു. ‘ആഭ്യന്തര വ്യോമയാന വ്യവസായം വീണ്ടെടുക്കല്‍ തുടരുകയാണ്. 2022 ഓഗസ്റ്റില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏകദേശം 1.02 കോടിയാണ്.
2022 ജൂലൈയിലെ 97 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 5 ശതമാനവും മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 52 ശതമാനവും കൂടുതലാണ്’ റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ വൈസ് പ്രസിഡന്റും സെക്ടര്‍ ഹെഡുമായ സുപ്രിയോ ബാനര്‍ജി പറഞ്ഞു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏകദേശം 5.24 കോടിയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 131 ശതമാനം വളര്‍ച്ചയാണിത്.