മുംബൈ: ഇന്ത്യന്‍ കമ്പനികളിലെ ഓഹരിയുടമസ്ഥതയുടെ കാര്യത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നു. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളേക്കാള്‍ 1.15 ശതമാനം മാത്രമാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരിയുടമസ്ഥത.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ എന്‍എസ്‌ഇയിലെ ലിസ്റ്റഡ് കമ്പനികളിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 17.38 ശതമാനമായി കുറഞ്ഞു. ഇത് 12 മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരമാണ്.
അതേ സമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 16.23 ശതമാനമായി വര്‍ധിച്ചു. ഇത് എക്കാലത്തെയും ഉയര്‍ന്ന നിലവാരമാണ്. മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ബാങ്കുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍.
അവയുടെ ഇന്ത്യന്‍ കമ്പനികളിലെ ഓഹരി ഉടമസ്ഥത സമീപകാലത്തായി വര്‍ധിച്ചുവരികയാണ്.
2015 മാര്‍ച്ചില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ കമ്പനികളില്‍ 20.7 ശതമാനം ഓഹരി ഉടമസ്ഥത ഉണ്ടായിരുന്നപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത 10.38 ശതമാനം മാത്രമായിരുന്നു.
കഴിഞ്ഞ ഏതാനും ത്രൈമാസങ്ങളായി വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത കുറയുന്നത് അനുസരിച്ച് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി ഉടമസ്ഥത വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 27,800 കോടി രൂപയുടെ ഓഹരികള്‍ വിറ്റപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 1.29 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയാണ് ചെയ്‌തത്.
എസ്‌ഐപി വഴിയുള്ള നിക്ഷേപം വര്‍ധിച്ചുവരുന്നത് മ്യൂച്വല്‍ ഫണ്ടുകള്‍ ഗണ്യമായ തോതില്‍ ഓഹരികള്‍ വാങ്ങുന്നതിന് വഴിവെച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രതിമാസം 20,000 കോടിയിലേറെ രൂപയാണ് എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത്.