ന്യൂഡല്‍ഹി: ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഡിസംബറില്‍ മുന്‍വര്‍ഷത്തെ സമാന മാസത്തേക്കാള്‍ 13.7 ശതമാനം ഉയര്‍ന്നു. 127.35 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞമാസം വിമാനമാര്‍ഗം സഞ്ചരിച്ചത്. മുന്‍മാസമായ നവംബറിനെ അപേക്ഷിച്ചും യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.
116.79 ലക്ഷം യാത്രക്കാരായിരുന്നു നവംബറില്‍ വിമാന യാത്ര തെരഞ്ഞെടുത്തത്. 2022 ജനുവരി -ഡിസംബറില്‍ 1,232.45 ലക്ഷമാണ് ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം. തൊട്ടുമുന്‍വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 838.14 ലക്ഷം പേര്‍ കൂടുതല്‍.
ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കണക്കനുസരിച്ച് 47.05 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. അതേസമയം കോവിഡിന് മുന്‍പുള്ള കാലത്തെ അപേക്ഷിച്ച് എയര്‍ ട്രാഫിക് കുറവാണ്. ഡിസംബര്‍ 2019 ല്‍ 130.18 ലക്ഷം പേര്‍ യാത്ര ചെയ്തിരുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ വിപണി വിഹിതം ഇടിയുന്നതിനും ഡിസംബര്‍ സാക്ഷിയായി. ഡിസംബറില്‍ 69.97 ലക്ഷം യാത്രക്കാരെയാണ് കാരിയര്‍ വഹിച്ചത്. നവംബറില്‍ നിന്നും കുറഞ്ഞ് വിപണി വിഹിതം 54.9 ശതമാനമായി.
ഒക്ടോബറിലും നവംബറിലും കമ്പനിയ്ക്ക് വിപണി വിഹിതം നഷ്ടപ്പെട്ടിരുന്നു.
വിപണി വിഹിതം 9.2 ശതമാനമാക്കിയ എയര്‍ ഇന്ത്യ യാത്രക്കാരെ വഹിക്കുന്ന കാര്യത്തില്‍ രണ്ടാമതായി. വിസ്ടാരയെയാണ് എയര്‍ ഇന്ത്യ മറികടന്നത്. 11.71 ലക്ഷം യാത്രക്കാരെ എയര്‍ ഇന്ത്യ സ്വാഗതം ചെയ്തപ്പോള്‍ വിസ്റ്റാരയുടെ കാര്യത്തില്‍ ഇത് 11.70 ലക്ഷമാണ്.
വിസ്റ്റാരയുടെ വിപണി വിഹിതം 9.2 ശതമാനമാണെങ്കിലും നവംബറിനെ അപേക്ഷിച്ച് അവര്‍ 10 ബേസിസ് പോയിന്റ് പൊഴിച്ചിട്ടുണ്ട്. 7.6 ശതമാനം വിപണി വിഹിതവുമായി എയര്‍ ഏഷ്യ നാലാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു.
7.6 ശതമാനം വിഹിതവുമായി സ്‌പൈസ് ജെറ്റ് അഞ്ചാം സ്ഥാനത്തും 7.5 വിഹിതവുമായി ഗോഫസ്റ്റ് ആറാം സ്ഥാനത്തും തുടരുന്നു. സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, വിസ്താര, ഗോഫസ്റ്റ്, എയര്‍ ഇന്ത്യ, എയര്‍ഏഷ്യ ഇന്ത്യ എന്നിവയുടെ പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ അല്ലെങ്കില്‍ ഒക്യുപ്പന്‍സി നിരക്ക് ഡിസംബറില്‍ യഥാക്രമം 92.7 ശതമാനം, 87.5 ശതമാനം, 91.9 ശതമാനം, 92.6 ശതമാനം, 89.3 ശതമാനം, 89.8 ശതമാനം എന്നിങ്ങനെയാണ്.
ഏറ്റവും പുതിയ വിമാനക്കമ്പനിയായ അകാശ എയര്‍ അതിന്റെ പാസഞ്ചര്‍ ലോഡ് ഫാക്ടറില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി. നവംബറിലെ 79.2 ശതമാനത്തില്‍ നിന്ന് അതിന്റെ ഡിസംബറില്‍ 83.8 ശതമാനമായി ലോഡ് ഫാക്ടര്‍ കൂട്ടുകയായിരുന്നു. ഡിസംബറില്‍ 2.92 ലക്ഷം യാത്രക്കാരെ വഹിച്ച എയര്‍ലൈന്‍ 2.3 ശതമാനം വിപണി വിഹിതവും നേടി.
ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായി 88.6 ശതമാനം ഓണ്‍ടൈം പെര്‍ഫോമന്‍സ് നേടിയ ഇന്‍ഡിഗോ ഇക്കാര്യത്തില്‍ മുന്നില്‍. വിസ്താരയും എയര്‍ ഇന്ത്യയും തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.