
വാഷിങ്ടൻ: യുഎസിന്റെ വ്യാപാര കമ്മി കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും മറ്റു നയലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി കൂടുതൽ ഉൽപന്നങ്ങൾക്ക് തീരുവ പ്രഖ്യാപിക്കാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കാറുകൾ, ചിപ്പുകൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയ്ക്ക് അടുത്ത മാസമോ അതിനുമുൻപോ പുതിയ നികുതികൾ നടപ്പിലാക്കുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്കു തീരുവകളിൽ ഇളവ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസിലെ ഉൽപന്നങ്ങൾ ഇന്ത്യയിലും ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾ യുഎസിലും വിൽക്കുമ്പോഴുള്ള ‘പരസ്പര നികുതി’ ഒഴിവാക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷ ഇതോടെ മങ്ങി.
മാർച്ച് 12 മുതൽ മുഴുവൻ സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങളുടെ ഇറക്കുമതികൾക്കും 25 ശതമാനം തീരുവ ചുമത്താൻ തുടങ്ങുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്.
‘‘കാറുകൾ, ചിപ്പുകൾ, മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ്, തടി എന്നിവയ്ക്കും മറ്റു ചില ഉൽപന്നങ്ങൾക്കും അടുത്ത മാസമോ അതിനു മുൻപോ ഞാൻ തീരുവ പ്രഖ്യാപിക്കാൻ പോവുകയാണ്’’ എന്നാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഫോറത്തിൽ ട്രംപ് പ്രഖ്യാപിച്ചത്.
ഇത് യുഎസിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇവിടെ ഉൽപന്നങ്ങൾ നിർമിക്കാത്ത കമ്പനികൾ പുതിയ തീരുവ വഹിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.
യുഎസിൽ ഉൽപന്നങ്ങൾ നിർമിക്കുകയാണെങ്കിൽ ഒരു തീരുവയും നൽകേണ്ടതില്ല, ഇതുവഴി നമ്മുടെ ഖജനാവിലേക്ക് കോടിക്കണക്കിന് ഡോളർ വരുമാനം എത്തും. തീരുവ സംബന്ധിച്ച തന്റെ നടപടികൾ ഇതിനകം തന്നെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
യുഎസിന്റെ പരസ്പര താരിഫുകളിൽനിന്ന് ഇന്ത്യയെ ഒഴിവാക്കി ഇളവ് നൽകാമെന്ന വാഗ്ദാനം ഇതുവരെ നൽകിയിട്ടില്ലെന്നും ചൊവ്വാഴ്ച ഇലോൺ മസ്കുമായുള്ള സംയുക്ത ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. പുതിയ തീരുവകൾ നടപ്പിലാക്കിയാൽ ട്രംപിന്റെ വ്യാപാരയുദ്ധം കൂടുതൽ വഷളാകും.
ഇന്ത്യയിലെ മരുന്നു നിർമാണ കമ്പനികളുടെ വരുമാനത്തിന്റെ ഗണ്യമായ പങ്കും വരുന്നത് യുഎസിൽനിന്നാണ്. 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽനിന്നുള്ള മരുന്ന് കയറ്റുമതി 873 കോടി ഡോളറായിരുന്നു.
ഇത് ഈ മേഖലയിലെ വ്യാപാരത്തിന്റെ മൊത്തം കയറ്റുമതിയുടെ ഏകദേശം 31 ശതമാനം വരുമെന്നു ഫാർമസ്യൂട്ടിക്കൽസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു.