ന്യൂഡല്‍ഹി: തിരിച്ചടവ് മുടങ്ങിയ ആസ്തികളെ സംബന്ധിച്ച മാദണ്ഡങ്ങളില്‍ ഇളവ് തേടി ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യെ സമീപിച്ചു. 10 പ്രവൃത്തി ദിവസങ്ങളില്‍ തിരിച്ചടവ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന ആസ്തികളെ ഡിഫോള്‍ട്ടായി തരംതിരിക്കരുതെന്നാണ് ആവശ്യം. പ്രവര്‍ത്തനപരമോ സാങ്കേതികമോ ആയ പ്രശ്‌നങ്ങള്‍ കാരണം തിരിച്ചടവ് മുടങ്ങിയ വായ്പകളെയും പത്ത് ദിവസത്തിനുള്ളില്‍ തിരിച്ചടവ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്ന വായ്പകളെയും ഡീഫാള്‍ട്ട് ചട്ടക്കൂടില്‍ നിന്ന് ഒഴിവാക്കണമെന്ന് ഐബിഎ (ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷന്‍) യും ആവശ്യപ്പെട്ടു.
ഇതിന് പുറമെ ബാങ്കുകള്‍ വ്യക്തിഗതമായും ആര്‍ബിഐയെ സമീപിച്ചിട്ടുണ്ട്. നിലവിലെ നിയമപ്രകാരം, ആദ്യ തിരിച്ചടവ് മുടങ്ങി 30 ദിവസത്തിനകം വായ്പാദാതാക്കള്‍ ഒരു ഇന്റര്‍-ക്രെഡിറ്റര്‍ കരാറില്‍ (ഐസിഎ) പ്രവേശിക്കേണ്ടത് നിര്‍ബന്ധമാണ്.
തിരിച്ചടവ് ഒരുതവണ മുടങ്ങിയ ആസ്തികള്‍ ‘പ്രത്യേക പരാമര്‍ശം’ അക്കൗണ്ടായി തരം തിരിക്കപ്പെടുന്നു.
‘റിവ്യൂ പിരീഡ്’ എന്ന് വിളിക്കപ്പെടുന്ന 30 ദിവങ്ങളില്‍ റെസല്യൂഷന്‍ പദ്ധതിയും അത് എങ്ങിനെ നടപ്പാക്കണമെന്നും ബാങ്കുകള്‍ തീരുമാനിക്കും. വായ്പ തിരിച്ചുപിടിക്കാനുള്ള നിയമനടപടികള്‍ക്കും വായ്പാദാതാക്കള്‍ തുടക്കം കുറിച്ചേക്കാം. ബാങ്കുകളുടെ ആവശ്യം ആര്‍ബിഐ അംഗീകരിക്കുന്ന പക്ഷം റെസല്യൂഷന്‍ പ്ലാനിന്റേയോ ഐസിഎയോ ആവശ്യം ഇല്ലാതാകും.