മുംബൈ: വെല്ലുവിളി നിറഞ്ഞ ആഗോള സാഹചര്യത്തില്‍, ബാങ്കുകള്‍ ജാഗ്രത കൈവെടിയരുതെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പൊതു,സ്വകാര്യ മേഖല ബാങ്ക് തലവന്‍മാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിന്റെ മികച്ച പ്രകടനം ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍, പ്രതികൂല സമയങ്ങളില്‍ ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞു.
ഭരണം ശക്തിപ്പെടുത്തുന്നതിന് ബാങ്ക് മേധാവികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ‘അനുവര്‍ത്തനം, റിസ്‌ക് മാനേജ്‌മെന്റ്, ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പിലാക്കുകയും വേണം.ക്രെഡിറ്റ് അണ്ടര്‍റൈറ്റിംഗ് മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുക, വലിയ എക്‌സ്‌പോഷറുകളുടെ നിരീക്ഷണം, ബാഹ്യ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് റേറ്റ് (ഇബിഎല്‍ആര്‍) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) സുരക്ഷ, ഐടി ഭരണം എന്നിവയാണ് ചര്‍ച്ച ചെയ്ത മറ്റ് വിഷയങ്ങള്‍.
എഴുതിത്തള്ളിയ അക്കൗണ്ടുകളില്‍ നിന്നുള്ള വീണ്ടെടുക്കല്‍,ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളുമായുള്ള ആശയവിനിമയം എന്നിവയും ബാങ്കുകള്‍ പിന്തുടരേണ്ടതുണ്ട്.
കോര്‍പ്പറേറ്റ് ഭരണ മാനദണ്ഡങ്ങള്‍ ബാങ്കുകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ദാസ് ചൂണ്ടിക്കാണിക്കുന്നു. സമ്മര്‍ദ്ദത്തിലായ വായ്പകളുടെ യഥാര്‍ത്ഥ അവസ്ഥ മറച്ചുവെക്കാന്‍ ബാങ്കുകള്‍ ശ്രമിക്കുന്നതിന്റെ സൂചനയുണ്ട്.
അത്തരം പ്രവണതകള്‍ ആശങ്ക ഉയര്‍ത്തുന്നുവെന്നും ദാസ് പറഞ്ഞു.