ന്യൂഡല്‍ഹി: ഇരുണ്ട സാമ്പത്തിക അവലോകനങ്ങള്‍ക്കിടയില്‍ അനുകൂല പ്രവചനം നടത്തിയിരിക്കയാണ് ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് (എച്ച് യു എല്‍) മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് മേത്ത. ഇന്ത്യ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, നടപ്പ് സാമ്പത്തികവര്‍ഷം രാജ്യത്തെ സംബന്ധിച്ചിടത്തോളം ശോഭനമാകും.
“ഇന്ത്യയില്‍ ഒരു മാന്ദ്യം ഞാന്‍ കാണുന്നില്ല. 6-7% വളരാന്‍ രാജ്യത്തിനാകും. നിലവിലെ സാഹചര്യം വച്ച് നോക്കുമ്പോള്‍ വലിയ നേട്ടമാണത്. വെല്ലുവിളി നിറഞ്ഞ പരിതസ്ഥിതിയിലും റിസര്‍വ് ബാങ്കും സര്‍ക്കാരും പ്രശംസാര്‍ഹമായി ജോലി ചെയ്യുന്നുണ്ട്,” മേത്ത പറഞ്ഞു.
എക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്. സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം രണ്ട് അനിവാര്യതകളാണ് നിറവേറ്റേണ്ടത്. പണപ്പെരുപ്പം മെരുക്കുക, വളര്‍ച്ച ഉറപ്പുവരുത്തുക എന്നിവയാണ് അവ.
വര്‍ഷത്തിന്റെ പകുതിയില്‍ 7 ശതമാനം സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താന്‍ സര്‍ക്കാറിനായിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ സന്ദര്‍ഭങ്ങള്‍ക്കിടയിലും, വളര്‍ച്ച നിലനിര്‍ത്തുക മാത്രമല്ല, വര്‍ദ്ധിപ്പിക്കാനും സര്‍ക്കാറിനായി. അതാണ് പ്രതീക്ഷ നല്‍കുന്ന ഘടകം.
റിന്‍ ഡിറ്റര്‍ജന്റിന്റെയും ഡോവ് സോപ്പിന്റെയും നിര്‍മ്മാതാക്കളായ എച്ച് യു എല്‍ വില്‍പ്പനയില്‍ 16% വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് വിലവര്‍ധവിനെ തുടര്‍ന്നുണ്ടായതാണ്. ഉപഭോക്താക്കളുടെ വാങ്ങല്‍ 4 ശതമാനം മാത്രമാണ് വര്‍ധിച്ചത്.
ചരക്ക് വിലകളെല്ലാം ഉയര്‍ന്നാണിരിക്കുന്നതെന്നും അതുകൊണ്ടാണ് ഉത്പന്നങ്ങളില്‍ വിലവര്‍ധനവ് വരുത്താന്‍ നിര്‍ബന്ധിതരായതെന്നും കമ്പനി പറയുന്നു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞാല്‍ മാത്രമേ ചരക്ക് വിലവര്‍ധന പൂര്‍ണ്ണമായും കെട്ടടങ്ങൂ.
പാംഓയില്‍ പോലുള്ളവയുടെ വില നിയന്ത്രണത്തിന് സര്‍ക്കാര്‍ ഇടപെടല്‍ സഹായകരമായെന്ന് മേത്ത പറഞ്ഞു. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ നീല്‍സണില്‍ നിന്നുള്ള ഡാറ്റ പ്രകാരം, എഫ്എംസിജി വിപണി സെപ്തംബര്‍ പാദത്തില്‍ 7% മൂല്യവര്‍ദ്ധനവാണുണ്ടാക്കിയത്.
എന്നാല്‍ അളവില്‍ 6 ശതമാനം കുറവ് വരുത്തി. തുടര്‍ന്ന് ഉപഭോക്തൃ പണപ്പെരുപ്പം ഏപ്രിലില്‍ എക്കാലത്തേയും ഉയരത്തിലെത്തിയിരുന്നു.